ബാലവേല നിരോധിത നഗരമാകാന്‍ കൊച്ചി

By Web DeskFirst Published Jun 8, 2018, 11:26 PM IST
Highlights
  • ചൈൽഡ് ലൈനിന്‍റെ ആഭിമുഖ്യത്തിൽ പദ്ധതി
  • ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്തും
  • രണ്ടാംഘട്ടത്തിൽ നിയമനടപടികളിലേക്ക് കടക്കും
  • ഒരുമാസം രജിസ്റ്റർ ചെയ്യുന്നത് 50 ബാലവേല കേസുകൾ
     

കൊച്ചി:സംസ്ഥാനത്തെ ആദ്യ ബാലവേല നിരോധിത നഗരമാകാൻ കൊച്ചി. ചൈല്‍ഡ് ലൈനിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി നഗരത്തിൽ ഒരു മാസം അമ്പതോളം ബാലവേല കേസുകളാണ് ചൈൽഡ് ലൈനിൽ മാത്രം രജിസ്റ്റർ ചെയ്യുന്നത്. തൊഴിലെടുക്കുന്നവരിൽ ഭൂരിപക്ഷവും ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്.

ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിലാണ് കുട്ടികളെ കൂടുതലായും ജോലിയ്ക്ക് നിർത്തുന്നത്. ആദ്യഘട്ടത്തിൽ ചൈൽഡ് ലൈൻ അധികൃതർ ഇവിടങ്ങളിൽ ബോധവത്കരണം നടത്തും. ബാലവേല നിരോധന നിയമ പ്രകാരം 14 വയസിന് താഴെയുള്ള കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നത് കുറ്റകരമാണ്. 14 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പണിയെടുക്കാമെങ്കിലും തൊഴിലുടമ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം.

ഒരു ദിവസം ഏഴ് മണിക്കൂർ മാത്രമാണ് ഇവരുടെ ജോലി സമയം. മൂന്ന് മണിക്കൂറിന് ശേഷം ഒരു മണിക്കൂർ വിശ്രമം നൽകണം. കൃത്യമായി കൂലി നൽകണം. എന്നാൽ ഭൂരിപക്ഷം തൊഴിലുടമകളും ഇവ പാലിക്കുന്നില്ലെന്ന് ചൈൽഡ് ലൈൻ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ബോധവത്കരണമാണെങ്കില്‍ രണ്ടാംഘട്ടത്തിൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
 

click me!