
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്‌ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവെച്ച് തടയുകയും മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവം ബോധപൂര്‍വ്വം പ്രകോപനം സൃഷ്‌ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുവരെ 50 വയസ്സ് കഴിഞ്ഞ സ്‌ത്രീകള്‍ക്ക് യഥേഷ്ടം ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍ സ്‌ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഏത് സ്‌ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ് ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇത് ശരിയാണോയെന്ന് സ്‌ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിക്കണം.
കുട്ടിക്ക് ചോറ് കൊടുക്കുന്നതിന് വേണ്ടിയാണ് തൃശ്ശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്. ഈ കുടുംബത്തെയാണ് തടഞ്ഞുവെയ്‌ക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്‌തത്. അയ്യപ്പ ദര്‍ശനത്തിന് ആന്ധ്രയില്‍ നിന്നെത്തിയ 50 വയസ്സുകഴിഞ്ഞ സ്‌ത്രീകളേയും ഇരുമുടിക്കെട്ട് ഇല്ലെന്ന കാരണം പറഞ്ഞ് സംഘപരിവാര്‍ സംഘടനകള്‍ തടയുകയായിരുന്നു. ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിലാണ് ഈ നടപടികളുണ്ടായത്.
വിശ്വാസികളുടെ പേരില്‍ ശബരിമല സന്നിധാനത്തെ കലാപ ഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ലക്ഷ്യംവെയ്‌ക്കുന്നതെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായതാണ്. ഇത് അക്ഷരംപ്രതി ശരിവെയ്‌ക്കുന്നതാണ് ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. ആര്‍.എസ്.എസ്സും ബി.ജെ.പിയും ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുന്ന അജണ്ടയനുസരിച്ചാണ് അക്രമിസംഘം ശബരിമലയില്‍ പ്രവര്‍ത്തിച്ചത്.
പ്രകോപനം സൃഷ്ടിച്ച് കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. തുടര്‍ന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന് മനസ്സിലാക്കി ഇടപെടാനും ജാഗ്രത പാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam