
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ആർഎസ്എസ് ആസുത്രിതമായി ആക്രമണം അഴിച്ചുവിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരിലെ ആക്രമണങ്ങൾ ആർഎസ്എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ആര്‍എസ്എസുകാര്‍ വിദ്യാലയങ്ങൾ പോലും ആയുധപ്പുരകളാക്കി മാറ്റുകയാണ് . സിപിഎം പ്രവർത്തകർ പ്രകോപനങ്ങളിൽ വീണു പോകരുതെന്നും ആക്രമണം നടത്തരുതെന്നും കോടിയേരി പറഞ്ഞു.
പന്തളം കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടും കോടിയേരി തള്ളി. റിപ്പോർട്ടെഴുതിയത് തലതിരിഞ്ഞ പൊലീസുകാരനാണ്. പൊലീസ് ആര്‍എസ്എസിന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ തയ്യാറാകണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അങ്ങോട്ടാക്രമിക്കുക എന്നത് സിപിഎം ഉദ്ദേശിക്കുന്നില്ല. ആക്രമണം തുടരുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടി വരും. അത് മാത്രമാണ് ഇപ്പോള്‍ ഉണ്ടായത്. കൂടുതല്‍ ആക്രമണമുണ്ടായാല്‍ നോക്കിയിരിക്കാനാവില്ല. ആക്രമിച്ച് ഇല്ലാതാക്കി കളയാമെന്ന് സംഘപരിവാറുകാര്‍ കരുതരുത്. പൊലീസ് അത്മസംയമനം പാലിക്കുന്നുണ്ട്. ഇത് ദൗർബല്യമായി കരുതുന്ന സാഹചര്യത്തിൽ ശക്തമായ നടപടി വേണം. ആര്‍എസ്എസ് സ്വാധീനമുള്ള പൊലീസുകാർ ഉണ്ടാകാം. അവരെ കണ്ടെത്തി നടപടി എടുക്കുകയാണ് വേണ്ടത്- കോടിയേരി പറഞ്ഞു.
അമിത് ഷാ കേരളത്തില്‍ വരുന്നത് നല്ലതാണ്. അമിത് ഷാ ഓരോ തവണ കേരളത്തിലെത്തുമ്പോഴും സിപിമ്മിന്‍റെ ജനപിന്തുണ വര്‍ധിക്കും. ഉത്തരേന്ത്യയില്‍ പോലും അമിത് ഷായുടെ പരിപ്പ് വേവുന്നില്ല. പിന്നെയാണോ കേരളത്തിലെന്നും കോടിയേരി പരിഹസിച്ചു. ബിജെപി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി അമിത് ഷാ കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam