
ദില്ലി : പെട്രോള്‍ വില കുറയ്ക്കണമെന്ന തന്റെ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുല്‍ ഗാന്ധി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനാവില്ലെന്ന ധനമന്ത്രാലയത്തിന്റെ നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ച്' ഏറ്റെടുത്ത മോദി, തന്റെ 'ഫ്യുവല്‍ ചലഞ്ച്' ഏറ്റെടുക്കുമോ എന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്.
വാര്‍ത്താ വിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്താണ് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഫിറ്റ്‌നസ് വീഡിയോ ട്വീറ്റ് ചെയ്ത്. തന്റെ ഭാര്യ നടി അനുഷ്‌ക്ക ശര്‍മ്മയേയും നരേന്ദ്ര മോദിയേയും എംഎസ് ധോണിയേയും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ വിരാട് കോഹ്ലി ക്ഷണിച്ചു. ഉടന്‍ വന്നു വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വിരാട് കോഹ്ലി നല്‍കിയത് പോലെ ഒരു ഫിറ്റ്‌നസ് വീഡിയോ താനും പുറത്തുവിടുമെന്നും മോദി വ്യക്തമാക്കുന്നു.
56 ഇഞ്ച് നെഞ്ചളവ് പരസ്യമായി പ്രഖ്യാപിച്ച മോദിയുടെ ആ വീഡിയോയ്ക്കായി ട്വീറ്റര്‍ ലോകം കാത്തിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഫിറ്റ്‌നസിന് പകരം ഫ്യുവല്‍ ചലഞ്ചിന് മോദിയെ ക്ഷണിച്ചത്. ഇന്ധനവില കുറയ്ക്കുക. അല്ലെങ്കില്‍ ദേശവ്യാപക പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസ് അത് കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കും. ഇതാണ് രാഹുലിന്റെ പ്രതികരണം.
എല്ലാവര്‍ക്കും തൊഴില്‍ നല്കാനും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള അക്രമം അവസാനിപ്പിക്കാനും മോദിയെ വെല്ലുവിളിച്ച് തേജസ്വി യാദവും രംഗത്തു വന്നു. നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തില്‍ സബ്ഡിസിക്ക് എണ്ണകമ്പനികളെ പ്രേരിപ്പിക്കുന്നത് പോലുള്ള നടപടിയിലേക്ക് കടക്കുകയാണ് പെട്രോളിയം മന്ത്രാലയം. അതിനിടയിലാണ് വിരാട് കോഹ്ലിയുടെ ട്വീറ്റ് രാഷ്ട്രീയ ഗോദയിലും ആയുധമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam