
കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ച് മൂടിയ കേസിലെ മുഖ്യ പ്രതി തമിഴ് നാട്ടിലേക്ക് കടന്നെന്ന് പൊലീസ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെ ഉടൻ പിടികൂടുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്ലം പേരൂര്‍ സ്വദേശി രഞ്ജിത്തിന്‍റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് തിരുനെല്‍വേലി പൊന്നക്കുടിയിലെ ക്വാറി മാലിന്യത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്. അഞ്ചംഗ സംഘം ഓഗസ്റ്റ് 15 നാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. വാഹനത്തില്‍ വച്ച് മര്‍ദ്ദിച്ച് കൊന്നു. സംഘത്തിലെ പ്രധാനി മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രജ്ഞിത്തിനൊപ്പമാണ് താമസം.
ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മനോജിനൊപ്പം കൊലപാതകത്തില്‍ പങ്കെടുത്ത ബൈജു വിനീഷ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.ഇവരുടെ മൊഴിയില്‍ നിന്നാണ് മനോജ് തമിഴ്നാട്ടിലേക്ക് കടന്നെന്ന സൂചന ലഭിച്ചത്. ക്രിമിനല്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോഴാണ് മനോജും സംഘവും കൊലപാതകം ആസൂത്രണം ചെയ്തത്.
മനോജിനൊപ്പം ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.പ്രളയകാലത്ത് കൊല്ലം ഇത്തിക്കരയാറ്റിലെ വെള്ളക്കൊപ്പത്തില്‍ രഞ്ജിത്തിന്‍റെ മൃതദേഹം തള്ളാനായിരുന്നു പ്രതികള് ആദ്യം തീരുമാനിച്ചത്.ഇത് പിന്നീട് കണ്ടുപിടിക്കപ്പെടുമെന്ന സംശയത്താലാണ് തമിഴ്നാട്ടിലേക്ക് കൊണ്ട് പോയത്.കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസുള്‍പ്പടെ 12 കേസുകള്‍ മനോജിനെതിരെയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam