Latest Videos

ആടുകള്‍ ചത്തുവീണു: കോരപ്പുഴയിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്

By Web deskFirst Published Aug 8, 2017, 9:53 AM IST
Highlights

കഞ്ചിക്കോട്:  കോരപ്പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിയ കഞ്ചിക്കോട്ടെ റബ്ഫില കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധത്തോടെ വെള്ളത്തിന്റെ നിറം മാറിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പുഴക്കിരുവശവും നടത്തിയ തിരച്ചിലിനൊടുവിലാണ് കമ്പനി മാലിന്യം ഒഴുക്കിവിടുന്നത് കണ്ടെത്തിയത്. 

പുഴക്കരികില്‍ മേയാന്‍ വിട്ട ആടുകള്‍ എട്ട് ആടുകള്‍ ചത്തുവീണ സാഹചര്യത്തിലാണ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ കമ്പനിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പുഴയോരത്ത് മേയാന്‍ വിട്ട കൊയ്യാമരക്കാട് ആശാരിത്തറയിലെ പരമശിവന്റെ എട്ട് ആടുകളാണ് വിറച്ച് വീണ് ചത്തത്. ആടുകള്‍ ചത്തതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എങ്കിലും പുഴ മലിനമായതാണ് കാരണമെന്ന നിലപാടിലാണ് നാട്ടുകാര്‍. ആടുകള്‍ ചത്തു വീണത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

കല്പാത്തിപ്പുഴയും ഭാരതപ്പുഴയും വഴി ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിലേക്കാണ് രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി കണ്ടത്തിയിരിക്കുന്നത്. കഞ്ചിക്കോട്ട് വ്യവവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഉല്‍പ്പന്നയൂണിറ്റിന്റെ പുറകുവശമാണിത്. കാലങ്ങളായി മാലിന്യം ഒഴുക്കിവിടുന്നതിനാല്‍ പ്രദേശത്തെ മരങ്ങളെല്ലാം ഉണങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടെന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടേണ്ട സാഹചര്യമില്ലെന്നുമാണ്് റബ്ഫില കമ്പനിയുടെ അവകാശവാദം.. 

click me!