കോഴിക്കോട് എ.ടി.എം തട്ടിപ്പ്; മൂന്ന് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Jan 23, 2018, 11:11 PM IST
Highlights

കോഴിക്കോട്: എ.ടി.എമ്മുകളില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ട് കാസര്‍ക്കോട് സ്വദേശികളും ഒരു ഫോര്‍ട്ട് കൊച്ചിക്കാരനുമാണ് പിടിയിലായത്. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു.

കാഞ്ഞങ്ങാട് അജാനൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ സഫ്വാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ബാസ്, ഫോര്‍ട്ട് കൊച്ചി സ്വദേശിയും കോഴിക്കോട് കൊളത്തറയിലെ താമസക്കാരനുമായ ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍ക്കോട് സ്വദേശികളായ മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് ഡി.സി.പി മെറിന്‍ ജോസഫ് പറഞ്ഞു. കുട് ലു സ്വദേശി മുഹമ്മദ് ബിലാല്‍, ചട്ടംകുഴി സ്വദേശി റമീസ്, വിദ്യാനഗര്‍ സ്വദേശി ജുനൈദ് എന്നിവരെയാണ് പിടികിട്ടാനുള്ളത്. ആറ് കേസുകളിലായി 1,41,900 രൂപയാണ് സംഘം കവര്‍ന്നത്.

എ.ടി.എം കൗണ്ടറിന്‍റെ കീപാഡിന് മുകളില്‍ ഒളിക്യാമറ വച്ച് ഇടപാടുകാരുടെ പിന്‍ നമ്പര്‍ മനസിലാക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് വ്യാജ മാഗ്നറ്റിക് കാര്‍ഡ് നിര്‍മ്മിച്ച് അതില്‍ യഥാര്‍ത്ഥ കാര്‍ഡിലെ വിവരങ്ങള്‍ അപ് ലോഡ് ചെയ്ത് കോയമ്പത്തൂരില്‍ നിന്ന് എ.ടി.എം വഴി പണം പിന്‍വലിക്കുകയായിരുന്നു. കോഴിക്കോട് ഇത്തരത്തിലുള്ള ഹൈടെക് എ.ടി.എം തട്ടിപ്പ് ഇതാദ്യമായാണെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
 

click me!