കോഴിക്കോട്ടെ നിപ ബാധയുടെ ഉറവിടം കണ്ടെത്തി

By Web DeskFirst Published Jul 3, 2018, 11:03 AM IST
Highlights
  • കോഴിക്കോട്ടെ നിപ ബാധയുടെ ഉറവിടം കണ്ടെത്തി

ദില്ലി: നിപ വൈറസ് ബാധ പടർന്നത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് തെളിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി ന‍‍ദ്ദ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഒരു വിവരവും ഇതു സംബന്ധിച്ച് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

കോഴിക്കോട് ചന്ദ്രോത്തിൽ നിന്നുള്ള 55 പഴംതീനി വവ്വാലുകളെ പരിശോധിച്ചതിന് ശേഷമാണ് നിപ വൈറസ് ബാധയുടെ ഉറവിടം സ്ഥിരീകരിച്ചത്. ഈ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തമായ തെളിവു കിട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ഹിന്ദുന്സ്ഥാന്‍ ടൈംസ് ദിനപത്രത്തോട് പറഞ്ഞു. ആദ്യം ഷഡ്പദങ്ങളെ തിന്നുന്ന 21 വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. 

ഈ വവ്വാലുകൾ നിപ്പ വൈറസ് വാഹകരല്ല എന്നതിനാൽ പിന്നീട് പഴം തിനി വവ്വാലുകളെ പരിശോധിക്കുകയായിരുന്നു. വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അനൗദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. പതിനേഴുപേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധ നിയന്ത്രണവിധേയമായതായി സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

വൈറസ് ബാധയുടെ ഉറവിടത്തെ സംബന്ധിച്ച ആശയക്കുഴപ്പമാണ് കേന്ദ്ര മന്ത്രിയുടെ സ്ഥിരീകരണത്തോടെ മാറുന്നത്. മലേഷ്യയിൽ 1999ൽ 105 മരണത്തിനിടയാക്കിയ വൈറസ് പന്നികളിൽ നിന്നാണ് പടർന്നത്. എന്നാൽ കേരളത്തിൽ പന്നികളിൽ നിന്നല്ല വൈറസ് ബാധയെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം കേരളസർക്കാരിന് ഔദ്യോഗികമായി എന്തെങ്കിലും വിവരം ഇതുവരെ കേന്ദ്രം കൈമാറിയിട്ടില്ല. മാധ്യമറിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്തെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗ്സഥർ വ്യക്തമാക്കി.

click me!