പി കെ കുഞ്ഞനന്തന് ടിപി കേസിൽ യാതൊരു പങ്കുമില്ല; യുഡിഎഫ് സർക്കാർ തെറ്റായി പ്രതിചേർത്തതെന്ന് കോടിയേരി

By Web TeamFirst Published Feb 19, 2019, 11:45 AM IST
Highlights

കുഞ്ഞനനന്തനെ  ടിപി വധക്കേസിൽ തെറ്റായി പ്രതി ചേർത്തതാണെന്ന് പാർട്ടിക്ക് പൂർണ്ണബോധ്യമുണ്ട്. യുഡിഎഫ് സർക്കാരിന്‍റെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയാണ് കുഞ്ഞനന്തനെ കുടുക്കിയത്. ഒരു പാർട്ടി അംഗത്തെ കേസിൽ കുടുക്കിയാൽ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. തെറ്റായി ഒരാളെ പ്രതിചേർത്താൽ പാർട്ടി അംഗീകരിക്കില്ല. 

കൊല്ലം:പി കെ കുഞ്ഞനന്തന് ടിപി വധക്കേസിൽ യാതൊരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുഞ്ഞനന്തനെ കേസിൽ തെറ്റായി പ്രതിചേർത്തതാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരിൽ പൊലീസ് നടപടിയെടുത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞനന്തനെ കേസിൽ ബോധപൂർവം പ്രതി ചേർത്തതാണെന്ന് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

കുഞ്ഞനനന്തനെ ഗൂഢാലോചനക്കുറ്റം ചുമത്തി ടിപി വധക്കേസിൽ തെറ്റായി പ്രതി ചേർത്തതാണെന്ന് പാർട്ടിക്ക് പൂർണ്ണബോധ്യമുണ്ട്. പൊലീസ് കള്ളത്തെളിവുണ്ടാക്കിയാണ് കുഞ്ഞനന്തനെ കുടുക്കിയത്. ഒരു പാർട്ടി അംഗത്തെ കേസിൽ കുടുക്കിയാൽ അത് ശരിയാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കുണ്ട്. തെറ്റായി ഒരാളെ പ്രതിചേർത്താൽ പാർട്ടി അംഗീകരിക്കില്ല.

സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതി ചേർത്താൽ, സംഭവത്തിൽ അവർക്ക് ബന്ധമുണ്ടെങ്കിൽ പാർട്ടി അവരെ വച്ചുപൊറുപ്പിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു. കെ കരുണാകരനും കെ സുധാകരനും ആര്യാടൻ മുഹമ്മദും കൊലപാതകക്കേസിൽ പ്രതിയായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കൊടി സുനി എന്നയാളൊന്നും പാർട്ടി അംഗമല്ല. ചിലർക്ക് ചില പേരുകൊടുത്ത് അവരെ പാർട്ടി നേതാക്കളായി സ്ഥാപിക്കരുത്. പേരിന്‍റെ കൂടെ കൊടി എന്നുണ്ടെങ്കിൽ പാർട്ടി നേതാവാകുമോ എന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ ന്യായീകരിക്കാൻ ഒരു വാദഗതിയും സിപിഎം ഉന്നയിക്കില്ലെന്നും കോടിയേരി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏത് പാർട്ടിക്കാരാണെങ്കിലും പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. ജില്ലയിൽ എൽഡിഎഫ് ജാഥ പര്യടനം നടത്തുന്ന സമയത്ത് രാഷ്ട്രീയബോധമുള്ള പാർട്ടിക്കാർ ആരും ഇത്തരമൊരു സംഭവത്തിൽ പങ്കുചേരില്ല.

നയാപൈസയുടെ വിവരമില്ലാത്തവർ നടത്തിയ കൊലപാതകമാണ് കാസർകോട് നടന്നതെന്നും സിപിഎമ്മുകാർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. പാർട്ടി പ്രവർത്തകർ അക്രമസംഭവങ്ങളിൽ ഉൾപ്പെടരുതെന്ന് പാർട്ടി നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഏതെങ്കിലും അണികൾ അത് ഉൾക്കൊണ്ടില്ലെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

click me!