സുരക്ഷയിൽ ആശങ്ക; വിജയവാഡയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് സിസ്റ്റർ ലിസി വടക്കേയിലിന്‍റെ കുടുംബം

By Web TeamFirst Published Feb 19, 2019, 11:42 AM IST
Highlights

സിസ്റ്ററുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ വിജയവാഡയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും സിസ്റ്റർ ലിസി വടക്കേയിലിന്‍റെ കുടുംബം അറിയിച്ചു 

തൊടുപുഴ: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ ബലാത്സംഗക്കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിസ്റ്റർ ലിസി വടക്കേയിലിന്‍റെ കുടുംബം. സിസ്റ്ററുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ വിജയവാഡയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും സിസ്റ്ററിന്‍റെ കുടുംബം അറിയിച്ചു. 

വിജയവാഡയിൽ സുരക്ഷ കിട്ടുമോ എന്ന് ഉറപ്പില്ല. കോടതി നിർദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നും ലിസി വടക്കേയിലിന്‍റെ കുടുംബം വ്യക്തമാക്കി. വിജയവാഡയിലെ മഠത്തിൽ ഫോൺ ചെയ്യാനുള്ള സൗകര്യം പോലും അനുവദിച്ചില്ലെന്നും മൊബൈൽ ഫോൺ മഠത്തിൽ പിടിച്ച് വച്ചിരിക്കുകയാണെന്നും സിസ്റ്ററിന്‍റെ കുടുംബം അറിയിച്ചു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ തനിക്ക് സഭയുടെ പീഡനനമേൽക്കേണ്ടി വന്നുവെന്ന് സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു. മഠത്തിൽ തടങ്കലിൽ പാർപ്പിച്ചെന്നാണ് സിസ്റ്റർ ലിസി വടക്കേയിലിന്‍റെ പരാതി. ബന്ധുക്കളുടെ പരാതിയിൽ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു. 

Read More: ബിഷപ്പിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ സഭയുടെ തടങ്കലിൽ; പൊലീസെത്തി മോചിപ്പിച്ചു

കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. കന്യാസ്ത്രീക്ക് ആവശ്യമായ പൊലീസ് സുരക്ഷ നല്‍കാന്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റർ ലിസി വടക്കേയിലിനോട് ആയിരുന്നു.

click me!