വിദ്വേഷപ്രസംഗ കേസില്‍ ശശികലയ്ക്ക് മുന്‍കൂര്‍ജാമ്യം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് പരാതിക്കാരന്‍

By Web TeamFirst Published Jan 15, 2019, 8:57 PM IST
Highlights

യുട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ല തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

കോഴിക്കോട്: 2016 ലെ വിദ്വേഷപ്രസംഗ കേസില്‍ വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ പി ശശികലയ്ക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. കേസിലെ പൊലിസന്വേഷണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

2016 ല്‍‍ ഹോസ്ദുര്‍ഗ്ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് കോഴിക്കോട് കസബ പൊലിസിന് കൈമാറിയ കേസിലാണ് കെ പി ശശികലയ്ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയത്. കേസന്വേഷണത്തിലെ പൊലിസിന്റെ വീഴ്ചയാണ് ശശികലയ്ക്ക് തുണയായത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല, ശബ്ദം ശശികലയുടെതാണോയെന്ന് ശാസ്ത്രീയമായി പരിശോധിക്കാനായില്ല തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2016 ഒക്ടോബറിലാണ് കേസ് ഫയല‍്‍ ചെയ്തത്. പൊലിസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് പരാതിക്കാരനായ അ‍ഡ്വ സി ഷുക്കൂര്‍ പറഞ്ഞു. ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്ത 153 A വകുപ്പാണ് കെ പി ശശികലയ്ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ പൊലിസിന്റെ അലംഭാവം വിമര്‍ശനത്തിനടയാക്കിയിട്ടുണ്ട്.

click me!