കെപിസിസി നേതൃമാറ്റം ഒരാഴ്ചയ്ക്കുള്ളിൽ: ഹൈക്കമാന്‍റ്

By Web DeskFirst Published Jun 10, 2018, 3:13 PM IST
Highlights
  • പ്രശ്നം പരിഹരിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.

ദില്ലി: കേരളത്തിലെ കെപിസിസിയില്‍ നേതൃമാറ്റം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് ഹൈക്കമാന്‍റ് വ്യക്തമാക്കി. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ രണ്ടു ദിവസം കൂടി നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഹൈക്കമാൻഡ് ഇടപെടും. പ്രശ്നം പരിഹരിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.

രാജ്യസഭാ സീറ്റിനെചൊല്ലി കേരളത്തിലെ കോൺഗ്രസിൽ പ്രകടമായ കലാപം തുടരുമ്പോൾ ഹൈക്കമാൻഡും ആശങ്കയിലാണ്. എന്നാൽ രണ്ടു ദിവസം കൂടി നിരീക്ഷിക്കാനാണ് എഐസിസി തീരുമാനം. പ്രശ്നം ഉടൻ പരിഹരിക്കും എന്നാണ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. കേരളകോൺഗ്രസിന് സീറ്റു നല്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവർ പ്രശ്നം പരിഹരിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. 

ഇവരുടെ നിർബന്ധത്തിന് വഴങ്ങിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ഉത്തവാദിത്വം അവർക്കു തന്നെയാണെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. അതിനാലാണ് ഹൈക്കമാൻഡ് ഇടപെടാത്തത്. പ്രശ്നം രണ്ടു ദിവസത്തിൽ തണുക്കും എന്ന പ്രതീക്ഷയാണ് ഹൈക്കമാൻഡിന് ഉള്ളത്. എകെ ആൻറണിക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന അഭ്യൂഹമുണ്ട്. ആൻറണിയുടെ മൗനം ഇതിൻറെ സൂചനയാണെന്നാണ് തീരുമാനത്തെ എതിർക്കുന്ന നേതാക്കളുടെ വ്യഖ്യാനം. എന്നാൽ ഇതേക്കുറിച്ച് ഒരു പ്രതികരണത്തിനും എകെ ആൻറണി തയ്യാറായിട്ടില്ല. സംസ്ഥാനത്തെ നേതൃമാറ്റം വൈകില്ലെന്നാണ് സൂചന. പുതിയ കെപിസിസി അദ്ധ്യക്ഷനെക്കുറിച്ചുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവും. ഇതുവരെ നടന്ന ചർച്ചയിൽ മുല്ലപ്പള്ളി രാമചന്ദ്രനെയാണ് ഭൂരിപക്ഷം എംപിമാരും പിന്തുണച്ചത്. രണ്ടോ മൂന്നോ വർക്കിംഗ് പ്രസിഡൻറുമാർ കൂടി വേണമെന്ന ശുപാർശയും രാഹുൽ ഗാന്ധിക്കു മുന്നിൽ എത്തിയിട്ടുണ്ട്.
 

click me!