
തിരുവനന്തപുരം:ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെയും പിന്തുണ. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്‍റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിച്ചു. യുവതി പ്രവേശനത്തിൽ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു
ആചാര അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ശബരിമലയുടെ പവിത്രത സംരക്ഷിച്ചുള്ള വികസന പ്രവര്‍ത്തനമാണ് അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യമെങ്കിൽ സഹകരിക്കാമെന്നാണ് എൻഎസ്എസ് വ്യക്തമാക്കിയത്. പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്പോഴും യുവതി പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എസ്എൻഡിപിയും ആവശ്യപ്പെടുന്നു. യുവതി പ്രവേശനത്തിലെ സര്‍ക്കാര്‍ ലൈൻ മാറണമെന്ന് ഈ സമുദായ സംഘടനകള്‍ ആഗ്രഹിക്കുന്പോള്‍ നിലപാട് തിരുത്തിയാൽ സര്‍ക്കാര്‍ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കെപിഎംഎസ് നൽകിയത്. ഇതിന് പിന്നാലെയാണ് സംഘടനയുടെ ജനറൽ സെക്രട്ടറിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നേരിട്ടെത്തി സംഗമത്തിന് ക്ഷണിച്ചതും ലക്ഷ്യം ശബരിമല വികസനം മാത്രമാണെന്ന് വിശദീകരിച്ചതും
ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എൻഡിപിയോഗം ജനറ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുവതി പ്രവേശനത്തിലെ സത്യവാങ്മൂലം പിന്‍വലിക്കുമോയെന്നതടക്കം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന യുഡിഎഫ് നിലപാടിനെതിരായ വിമര്‍ശനം അദ്ദേഹം ആവര്‍ത്തിച്ചു. മുസ്ലീം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കുത്തിയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ഈ മാസം 20ന് പന്പയിലാണ് ആഗോള അയ്യപ്പ സംഗമം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam