പരീക്ഷണ പറക്കല്‍ നടത്തിയപ്പോള്‍ പ്രതിഷേധിച്ച സഖാക്കള്‍ ഇന്നെവിടെയായിരുന്നു; പരിഹാസവുമായി ശബരിനാഥന്‍

By Web TeamFirst Published Oct 27, 2018, 11:04 PM IST
Highlights

ഇടതുപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ എത്തിയതിനെ പിന്നാലെ ഇടതുപക്ഷത്തിനെ നേരെ പരിഹാസവുമായി കെ എസ് ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത് ഷാ എത്തിയതിനെ പിന്നാലെ ഇടതുപക്ഷത്തിനെ നേരെ പരിഹാസവുമായി കെ എസ് ശബരിനാഥന്‍ എംഎല്‍എ. 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പരീക്ഷണപ്പറക്കല്‍ നടത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ സഖാക്കളെയാരും ഇന്നു കണ്ടില്ലല്ലോയെന്ന് ശബരിനാഥന്‍ ചോദിക്കുന്നു. എന്തിനാണ് സിപിഎമ്മിന് ഈ അമിത് ഷാ ഭക്തിയെന്നും ശബരിനാഥന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ചോദിക്കുന്നു. 

ഉദ്ഘാടനം കഴിയും മുന്‍പേയാണ് കണ്ണൂര്‍ വിമാനതാവളത്തില്‍ യാത്രക്കാരനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ എത്തിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ സ്വീകരണത്തിന് ശേഷം കിയാല്‍ ജീവനക്കാരോടാണ് അമിത് ഷാ നടത്തിയ പ്രതികരണം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അവരോട്‌ പറഞ്ഞേക്ക്‌..ഇതിന്‍റെ ഉദ്‌ഘാടനം കഴിഞ്ഞെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 

അമിത് ഷായ്ക്ക് ഇറങ്ങാന്‍ സൌകര്യം ഒരുക്കിയത് സംസ്ഥാനത്തിന്‍റെ ആതിഥ്യ മര്യാദയാണ് എന്നാണ് കേരളധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് വന്നിറങ്ങിയെന്നത് അത്ഭുതകരമായ വാര്‍ത്തയെന്ന് മന്ത്രി എം.എം മണിയും തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. 

കെ എസ് ശബരിനാഥന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇടതുപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ പുതിയ അന്താരാഷ്ട്ര എയർപോർട്ടിൽ ആദ്യ യാത്രക്കാരൻ എംപിയായ ബിജെപി അധ്യക്ഷൻ ശ്രീ അമിത് ഷായാണ്. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ കണ്ണൂരിൽ ഒരു വിമാനത്തിന്റെ പരീക്ഷണ പറത്തൽ നടത്തിയപ്പോൾ നെഞ്ച് വിരിച്ചു പ്രതിഷേധിച്ച സഖാകളെയാരെയും ഇന്ന് കണ്ണൂർ എയർപോർട്ടിന്റെ നാലയലത്തു കണ്ടില്ല. എന്തേ സിപിഎമ്മിന് ഈ അമിത് ഷാ ഭക്തി?

click me!