കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസിയും  സ്വകാര്യബസും കൂട്ടി ഇടിച്ച് മൂന്ന് മരണം

By Web DeskFirst Published Mar 3, 2017, 10:31 AM IST
Highlights

എംസി റോഡിൽ ആയൂരിനടുത്ത് കമ്പൻകോടിലാണ് അപകടം. തിരുവനന്തപുരത്ത് നിന്നും അങ്കമാലിയിലേക്ക് പോകുന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പുനലൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് അപകടം.

മരിച്ചരണ്ട് പേരെ തിരിച്ചറിഞിട്ടില്ല. പെരുമ്പാവൂര്‍ സ്വദേശി രമ്യയുടെ മൃതദേഹമാണ് തിരിച്ചറിഞത്. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയാണ് രമ്യ. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ ഗോകുലം മെഡിക്കൽ കോളേജിലും അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെ നിലയും ഗുരുതരമാണ്.  

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടവരിലേറെയും.  ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജ്, അഞ്ചലിലെയും കൊട്ടാരക്കരയിലേയും സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.  അമിത വേഗതയാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി ദൃസാക്ഷികൾ പറയുന്നു. കൊല്ലം ജില്ലാകളകടർ ടി മിത്ര, റൂറൽ എസ്പി എം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.

 

 

click me!