മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന

By Web DeskFirst Published Mar 3, 2017, 7:46 AM IST
Highlights

ദില്ലി: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കരസേന.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റോയ്മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു.

കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ കൊല്ലം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് കരസേനയുടെ വിശദീകരണം.ഇദ്ദേഹത്തിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നതായും കരസേന പറയുന്നു.ഒരു പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കരസേനയിലെ തൊഴില്‍ പീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ലായിരുന്നു.

റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്. റോയ്മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. പിന്നെയെങ്ങനെയാണ് ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നും കരസേന ചോദിക്കുന്നു. അതേസമയം റോയ് മാത്യുവിന്റെ മരണം പൊലീസ് അന്വേഷിക്കണമെന്ന് സബ്കാ സംഘര്‍ഷ് സൈനിക് കമ്മിറ്റി അധ്യക്ഷന്‍ നളിന്‍ തല്‍വാര്‍ ആവശ്യപ്പെട്ടു. കരസേനയുടെ വിശദീകരണം റോയ് മാത്യുവിന്റെ കുടുംബവും തള്ളി കളഞ്ഞിരിക്കുകയാണ്.

click me!