കെഎസ്ആർടിസി ബസിൽ ഭിന്നശേഷിക്കാരനെ കണ്ടക്ടർ അപമാനിച്ചു

By Web DeskFirst Published Sep 13, 2017, 11:27 PM IST
Highlights

കൊച്ചി: കെഎസ്ആർടിസി ബസിൽ ഭിന്നശേഷിക്കാരന് സീറ്റ് നൽകാതെ കണ്ടക്ടർ അപമാനിച്ചു. കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത മുകേഷെന്ന യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ഭിന്നശേഷിക്കാർക്ക് ബസിൽ പ്രത്യേക സീറ്റില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറുടെ ആക്ഷേപം.

ഒരു കാലിന് പൂർണമായും മറ്റൊരുകാലിന് ഭാഗികമായും സ്വാധീനക്കുറവുള്ള മുകേഷ് കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ആലപ്പുഴ ആരൂക്കുറ്റിയിലേക്ക് പോകാൻ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിൽ ഈ സമയം നല്ല തിരക്കായിരുന്നു. നിൽക്കാൻ ബുദ്ധിമുട്ടായതിനാൽ ഒഴിവ് കണ്ട സീറ്റിൽ മുകേഷ് ഇരുന്നു. ഈ സമയം എത്തിയ കണ്ടക്ടർ മുകേഷ് ഇരിക്കുന്നത് കണ്ടക്ടർ സീറ്റിലാണെന്നും എഴുന്നേൽക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്കുള്ള സീറ്റ് കാണാത്തതിലാണ് ഒഴിവുള്ള സീറ്റിൽ ഇരുന്നതെന്ന് പറഞ്ഞ മുകേഷിനോട് ഈ ബസിൽ ഭിന്നശേഷിക്കാർക്ക് സീറ്റില്ലെന്നും വേണമെങ്കിൽ നിന്ന് യാത്ര ചെയ്യണമെന്നും കണ്ടക്ടർ പറഞ്ഞു.


യാത്രക്കിടെ  താൻ പല തവണ തെന്നി വീണിട്ടും കണ്ടക്ടർ തിരിഞ്ഞ് നോക്കിയില്ലെന്ന് മുകേഷ് പറഞ്ഞു. പേര് ചോദിച്ച മുകേഷിനോട് പരാതി നൽകാനാണെങ്കിൽ ബസിന്‍റെ നന്പറും ടിക്കറ്റും വച്ച് പരാതിപ്പെട്ടോളു എന്ന് പറഞ്ഞ്  കണ്ടക്ടർ ആക്ഷേപിക്കുകയായിരുന്നു. കെഎൽ 15 എ 610 എന്ന ബസ് നന്പറും ടിക്കറ്റിന്‍റെ പകർപ്പും സഹിതം കെഎസ്ആർടിസി എംഡി, എറണാകുളം ആർടിഒ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് മുകേഷ് പരാതി നൽകിയിട്ടുണ്ട്.


 

click me!