സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി; സുരക്ഷയ്ക്ക് പൊലീസ് സംവിധാനമില്ല

By Web TeamFirst Published Nov 17, 2018, 10:10 AM IST
Highlights

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായില്ല. ദേശീയപാതയിലടക്കം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തടയുകയാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി. പലയിടത്തും കെഎസ്ആര്‍ടിസി  ബസുകള്‍ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറിനെ തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തിയത്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ക്ക്  സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായില്ല. ദേശീയപാതയിലടക്കം ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ തടയുകയാണ്. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങിക്കിടക്കുകയാണ്.

തലസ്ഥാനത്ത്  കരകുളം, നെയ്യാറ്റിന്‍കര, ബാലരാമപുരം എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തി വച്ചു. അര്‍ദ്ധ രാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചു. പലരും യാത്രാ മദ്ധ്യേയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയുന്നത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും വ്യാപകമായി വാഹനങ്ങൾ തടയുകയാണ്. എന്നാല്‍ പൊലീസിന്‍റെ അകന്പടിയോടെ കെഎസ്ആർടിസി തന്പാനൂരിൽ നിന്ന് ആർസിസിയിലേക്കും മെഡിക്കൽ കോളേജിലേക്കും മാത്രമായി പ്രത്യേക സർവീസുകൾ തുടങ്ങി.

തൃശൂരിൽ ബസ് സർവീസുകളൊന്നുമില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധക്കാര്‍ തടയുകയാണ്. കയ്പറന്പില്‍ കടകളടപ്പിക്കാൻ ശ്രമിച്ച വിഎച്ച്പി- - ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത മണ്ണുത്തിയിൽ രാവിലെ വാഹനങ്ങൾ തടയാൻ ശ്രമം നടന്നു.

ആലപ്പുഴയില്‍ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ ബിജെപി- - ആർഎസ്എസ് പ്രവർത്തകരെ അന്പലപ്പുഴ, വളഞ്ഞ വഴിയിൽ വെച്ച് പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 7 മണിയ്ക്കായിരുന്നു സംഭവം.

ഇടുക്കി ജില്ലയിൽ ഹർത്താൽ ഭാഗീകമാണ്. വിനോദ സഞ്ചാര മേഖലകളിൽ വാഹനങ്ങൾ സർവീസ് നടത്തി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ കടകൾ തുറന്നു പ്രപവർത്തിക്കുന്നുണ്ട്. രാജമലയടക്കമുള്ള പാർക്കുകളിൽ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അടിമാലി, രാജക്കാട്, കട്ടപ്പന, ചെറുതോണി മേഖലകളിൽ ചെറിയ തോതിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കടത്തിവിട്ടു.

കോഴിക്കോട് ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല. റോഡിലിറങ്ങിയ സ്വകാര്യ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും തടഞ്ഞിട്ടു. ഇത് മിക്കയിടങ്ങളിലും വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാർ വാഹനം കിട്ടാതെ കാത്തിരിക്കുകയാണ്.

വയനാട് ജില്ലയില്‍ അന്പലവയലില്‍ ടൗണിന് സമീപം ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ള എല്ലാ വാഹനങ്ങളും തടയുകയാണ്. മാനന്തവാടിയിലും വാഹനങ്ങള്‍ തടയുകയാണ്. ഏഴ് ബസുകള്‍ ബത്തേരി കെഎസ്ആര്‍ടിസി ടിപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബംഗളൂരു, മൈസൂരു, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏഴ് ബസുകള്‍ ബത്തേരി ടിപ്പോയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സുരക്ഷയ്ക്ക് പൊലീസിന്‍റെ സഹായം ആവശ്യപ്പെട്ടെങ്കിലും നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. 

click me!