
തിരുവനന്തപുരം: പുതുതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാനലുകാരുടെ അതേ ശമ്പളമേ നല്‍കൂവെന്ന് ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. റിസർവ് കണ്ടക്ടർ തസ്തികയിൽ പിഎസ്‍സി പറയുന്ന ശമ്പളം നൽകാനാവില്ലെന്നും എംഡി പറഞ്ഞു. മറ്റു സെക്ഷനുകളിൽ ജോലി ചെയ്യുന്നവരിൽ കണ്ടക്ടർ ബാഡ്ജ് ഉള്ളവരെ കണ്ടക്ടർ ആക്കാൻ തയ്യാറാണെന്നും തച്ചങ്കരി വ്യക്തമാക്കി.
കൂടുതൽ സമയം ഡ്യൂട്ടി ചെയ്യാൻ കണ്ടക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കി മാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
എന്നാല്‍, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം കെഎസ്ആര്‍ടിസിക്ക് നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് തച്ചങ്കരി പറയുന്നത്. തൊഴിലാളികള്‍ നിസ്സഹകരിക്കാത്തത് കൊണ്ട് സര്‍വ്വീസുകള്‍ പരമാവധി നടത്താന്‍ കഴിഞ്ഞു. സര്‍വ്വീസുകള്‍ ശാസ്ത്രീയമായി പുനഃക്രമീകരിച്ചും ലാഭകരമല്ലാത്ത റൂട്ടുകള്‍ വെട്ടിക്കുറച്ചും പദ്ധതികള്‍ തയ്യാറാക്കിയത് നഷ്ടം കുറയ്ക്കാന്‍ കാരണമായി. അതുകൊണ്ട് തന്നെ കളക്ഷനില്‍ കുറവില്ല, ലാഭം മാത്രമാണ് ഉണ്ടായതെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.
1000 പരം സര്‍വ്വീസുകള്‍ റദ്ദാക്കിയ ആദ്യ ദിവസത്തില്‍ 7.49 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. അതിന് മുമ്പത്തെ ആഴ്ചയിലും അത്രയും വരുമാനം കിട്ടി. എന്നാല്‍, ഡീസല്‍ ഉപയോഗത്തില്‍ 17 ലക്ഷം രൂപയുടെ കുറവുണ്ടായി. ഇത് സാമ്പത്തിക നഷ്ടം കുറച്ചു. അടുത്ത ദിവസം ആറരക്കോടി രൂപയാണ് വരുമാനം ലഭിച്ചത്. ഡീസല്‍ ഉപയോഗത്തിലും കുറവുണ്ടായിരുന്നു. ഇന്നലെ ദിവസം 980 സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്നപ്പോള്‍ ഇന്ന് 337 സര്‍വ്വീസുകള്‍ മാത്രമാണ് റദ്ദാക്കിയത്.
പിഎസ്‍സി നിയമനങ്ങള്‍ അതിവേഗത്തിലാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. സെലക്ഷന്‍ കിട്ടിയ ഉദ്യോഗാര്‍ത്ഥികള്‍ നാളെ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പരിശീലന പരിപാടികള്‍ ഒരു ആഴ്ച കൊണ്ട് പൂര്‍ത്തീകരിച്ച് സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാകരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
9500-ഓളം സ്ഥിരം കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. ഇതില്‍ 800-ഓളം പേര്‍ പല തരത്തിലുള്ള ലീവുകളിലാണ്. ഇവരെ തിരിച്ചുവിളിക്കാനുള്ള നടപടികള്‍ തുടങ്ങി. വരുമാനനഷ്ടം ഇല്ലാത്തത് കെഎസ്ആര്‍ടിസിയെ സംമ്പന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ഇന്ന് ഇതുവരെയായി സംസ്ഥാനത്ത് 672 കെഎസ്ആർടിസി സർവീസുകളാണ് മുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam