മിന്നിത്തിളങ്ങി മിന്നല്‍; പുതിയ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ സൂപ്പര്‍ ഹിറ്റ്

G R ANURAJ |  
Published : Jul 04, 2017, 08:00 PM ISTUpdated : Oct 04, 2018, 05:27 PM IST
മിന്നിത്തിളങ്ങി മിന്നല്‍; പുതിയ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ സൂപ്പര്‍ ഹിറ്റ്

Synopsis

തിരുവനന്തപുരം: ട്രെയിനുകളേക്കാള്‍ വേഗത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി തുടങ്ങിയ മിന്നല്‍ സര്‍വ്വീസുകള്‍ വന്‍വിജയം. യാത്രക്കാരുടെ എണ്ണത്തിലും കളക്ഷന്റെ കാര്യത്തിലും മിന്നല്‍ ഏറെ മുന്നിലാണ്. സ്വകാര്യബസ് ലോബി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന അപവാദപ്രചരണങ്ങള്‍ക്കിടയിലാണ് മിന്നല്‍ സര്‍വ്വീസുകളുടെ ഗംഭീര പ്രകടനം. കഴിഞ്ഞ ദിവസത്തെ(03.07.2017) കണക്ക് അനുസരിച്ച് കട്ടപ്പന-തിരുവനന്തപുരം സര്‍വ്വീസ് ഒഴികെ മറ്റെല്ലാ സര്‍വ്വീസുകളും 20000 രൂപയില്‍ ഏറെ കളക്ഷന്‍ നേടി. 40103 രൂപ കളക്ഷന്‍ നേടിയ തിരുവനന്തപുരം-കാസര്‍കോട് സര്‍വ്വീസും 38427 രൂപ കളക്ഷന്‍ നേടിയ പാലക്കാട്-തിരുവനന്തപുരം സര്‍വ്വീസുമാണ് ഏറെ മുന്നില്‍. ഇതില്‍ 18923 രൂപ കളക്ഷന്‍ നേടിയ കട്ടപ്പന-തിരുവനന്തപുരം സര്‍വ്വീസാണ് പിന്നിലുള്ളത്. കട്ടപ്പന-തിരുവനന്തപുരം സര്‍വ്വീസിന് പാലായില്‍ ബോര്‍ഡിങ് പോയിന്റ് നല്‍കി, കളക്ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം കെഎസ്ആര്‍ടിസി ആലോചിച്ചുവരികയാണ്.

മൂന്നാര്‍-തിരുവനന്തപുരം - 26533 രൂപ
തിരുവനന്തപുരം-പാലക്കാട് - 24725 രൂപ
പാലക്കാട്-തിരുവനന്തപുരം - 38427 രൂപ
മാനന്തവാടി-തിരുവനന്തപുരം - 32562 രൂപ
സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം - 31155 രൂപ
കണ്ണൂര്‍-തിരുവനന്തപുരം - 36653 രൂപ
തിരുവനന്തപുരം-കാസര്‍കോട് - 40103 രൂപ

സമയക്ലിപ്തതയുടെ കാര്യത്തിലും മിന്നല്‍ ബസുകള്‍ കൃത്യത പാലിക്കുന്നുണ്ട്. തിരുവനന്തപുരം-കാസര്‍കോട് സര്‍വ്വീസൊഴികെ മറ്റെല്ലാം മിന്നല്‍ ബസുകളും കൃത്യസമയത്ത് ഓടിയെത്തുന്നുണ്ട്. അതായത് ട്രെയിനേക്കാള്‍ ഒന്നിലേറെ മണിക്കൂര്‍ കുറവാണ് മിന്നല്‍ ബസുകളുടെ യാത്രാസമയം. മാഹിയിലെ ഗതാഗതകുരുക്ക് കാരണമാണ് തിരുവനന്തപുരം-കാസര്‍കോട് സര്‍വ്വീസ് ഇപ്പോള്‍ ഒന്നരമണിക്കൂറോളം വൈകുന്നത്. ഗതാഗതകുരുക്ക് മാറുന്നതോടെ, ആ സര്‍വ്വീസും കൃത്യസമയത്ത് ഓടിയെത്തുമെന്ന് കെ എസ് ആര്‍ ടി സി വൃത്തങ്ങള്‍ പറയുന്നു. തിരുവനന്തപുരം-പാലക്കാട് ബസ് ആറര മണിക്കൂര്‍കൊണ്ടും തിരുവനന്തപുരം-കണ്ണൂര്‍ ബസ് ഒമ്പതര മണിക്കൂര്‍കൊണ്ടും ലക്ഷ്യസ്ഥാനത്ത് ഓടിയെത്തുന്നുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി സര്‍വ്വീസുകളും പത്തു മണിക്കൂറില്‍ താഴെ സമയംകൊണ്ട് ഓടിയെത്തുന്നുണ്ട്. കട്ടപ്പന, മൂന്നാര്‍ സര്‍വ്വീസുകള്‍ ഏഴു മണിക്കൂറില്‍ താഴെ മാത്രമാണെടുക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് പോകാതെ വയനാട്ടിലേക്ക് കെഎസ്ആര്‍ടിസി ഓടിക്കുന്ന സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളാണ് മാനന്തവാടിയിലേക്കും സുല്‍ത്താന്‍ബത്തേരിയിലേക്കുമുള്ള മിന്നല്‍ സര്‍വ്വീസുകള്‍. ഈ രണ്ടു സര്‍വ്വീസുകളും യാത്രക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. സര്‍വ്വീസ് തുടങ്ങിയ അന്നുമുതല്‍ മികച്ച കളക്ഷനാണ് ഈ സര്‍വ്വീസുകള്‍ക്ക് ലഭിക്കുന്നത്. വയാനാട്, മലപ്പുറം ജില്ലകളില്‍നിന്ന് തലസ്ഥാന യാത്രയ്‌ക്ക് കൂടുതല്‍പ്പേരും ഇപ്പോള്‍ മിന്നല്‍ ബസുകളെയാണ് ആശ്രയിക്കുന്നത്. കോഴിക്കോടും മറ്റുമെത്തി ട്രെയിനില്‍ പോകുന്ന യാത്രക്കാരാണ് ഇപ്പോള്‍ മിന്നല്‍ ബസില്‍ യാത്ര ചെയ്യുന്നത്.

ദീര്‍ഘദൂര രാത്രിയാത്രകളില്‍ യാത്രക്കാരെ കൊള്ളയടിച്ചുകൊണ്ടിരുന്ന സ്വകാര്യബസുകള്‍ക്കാണ് മിന്നല്‍ സര്‍വ്വീസുകള്‍ കനത്ത തിരിച്ചടിയായത്. അതുകൊണ്ടുതന്നെ മിന്നല്‍ സര്‍വ്വീസുകളെ ഏതുവിധേനയും തകര്‍ക്കുകയെന്ന അപവാദപ്രചരണവുമായി സ്വകാര്യബസ് ലോബികള്‍ രംഗത്തെത്തി. ഇതിനായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഇവര്‍കൂട്ടുപിടിച്ചു. തെറ്റായ വിവരങ്ങള്‍ നല്‍കി മിന്നലിനെ തകര്‍ക്കാന്‍ ശ്രമിച്ചു. മിന്നല്‍ സര്‍വ്വീസുകള്‍ വിജയിക്കില്ലെന്നും കൃത്യസമയത്ത് ഓടിയെത്തില്ലെന്നും ബസ് ഓടിത്തുടങ്ങുന്നതിന് മുമ്പ് ചിലര്‍ പ്രചരണം നടത്തി. നേരത്തെ ആരംഭിച്ച സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകള്‍ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചരണം. എന്നാല്‍ അമിത നിരക്ക് ഈടാക്കിയതുകൊണ്ടും അശാസ്‌ത്രീയമായ സ്റ്റോപ്പുകളുമാണ് സില്‍വര്‍ലൈന്‍ ജെറ്റ് ബസുകള്‍ പരാജയമാകാന്‍ കാരണം. മിന്നലിനെതിരായ അപവാദപ്രചരണം ബസ് ഓടിത്തുടങ്ങി ആദ്യ ദിവസം തന്നെ പൊളിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോകുന്ന അമൃത എക്‌സ്‌പ്രസിന് എട്ടര മണിക്കൂറിലേറെ സമയം വേണ്ടിവരുമെന്നിരിക്കെ തിരുവനന്തപുരം-പാലക്കാട് മിന്നല്‍ ബസ് ആറര മണിക്കൂര്‍കൊണ്ട് പാലക്കാട്ടെത്തി.

തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോകുന്ന അമൃത എക്‌സ്‌പ്രസിന് എട്ടര മണിക്കൂറിലേറെ സമയം വേണ്ടിവരുമെന്നിരിക്കെ തിരുവനന്തപുരം-പാലക്കാട് മിന്നല്‍ ബസ് ആറര മണിക്കൂര്‍കൊണ്ട് പാലക്കാട്ടെത്തി.

മിന്നല്‍ സര്‍വ്വീസുകളെല്ലാം കൃത്യസമയം പാലിച്ച് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ വിറളിപൂണ്ട സ്വകാര്യബസ് ലോബി, ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അപവാദപ്രചരണങ്ങള്‍ തുടര്‍ന്നു. കേരളത്തില്‍ അനുവദനീയമായതിലും അമിതമായ വേഗതയില്‍ ബസ് ഓടിക്കുന്നുവെന്നും, ഡ്രൈവര്‍മാരെ ഇതിനായി പ്രേരിപ്പിക്കുന്നുവെന്നുമൊക്കെ കള്ളക്കഥകള്‍ മെനഞ്ഞു. എന്നാല്‍ മിന്നല്‍ ബസിലെ ജീവനക്കാര്‍ മുതല്‍, കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഐഎഎസ് വരെയുള്ളവര്‍ ഈ കള്ളക്കഥ പൊളിച്ചടുക്കി. ദീര്‍ഘദൂര യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി ചാര്‍ജ് വര്‍ദ്ധനവ് ഇല്ലാതെ സമയക്ലിപ്തത പാലിച്ച് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുകയാണ് മിന്നലിന്റെ ലക്ഷ്യമെന്ന് എംഡി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മിന്നല്‍ എന്നാല്‍ അമിത വേഗതയല്ലെന്നും, മറിച്ച് സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയും സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തിയും ഡിപ്പോകള്‍ കയറിയിറങ്ങിയുള്ള കാലതാമസം ഒഴിവാക്കിയും പരമാവധി നേരത്തെ ലക്ഷ്യസ്ഥാനത്തെത്തുകയാണ് ചെയ്യുന്നതെന്നും എംഡി വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെയ്പ്പായി മിന്നല്‍ മാറിക്കഴിഞ്ഞു. മിന്നല്‍ സര്‍വ്വീസുകള്‍ വന്‍ ഹിറ്റായി മാറിയതോടെ, കൂടുതല്‍ റൂട്ടുകളിലേക്ക് ഈ സര്‍വ്വീസ് ഓടിക്കുന്നതിനെക്കുറിച്ച് കെ എസ് ആര്‍ ടി സി ആലോചിച്ചുവരികയാണ്. ഇതോടൊപ്പം യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ഒട്ടേറെ പ്രത്യേക സര്‍വ്വീസുകളും അടുത്തിടെയായി കെഎസ്ആര്‍ടിസി നടത്തുന്നുണ്ട്. പൊതുഅവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ബംഗളുരുവില്‍നിന്നും തിരിച്ചുമുള്ള സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് ഇതിനോടകം വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അതുപോലെ നീറ്റ്, എല്‍ഡിസി പരീക്ഷാ ദിവസങ്ങളില്‍ നടത്തിയ പ്രത്യേക സര്‍വ്വീസുകളും യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായി മാറി. ലാഭമുള്ള റൂട്ടുകളിലേക്ക് സര്‍വ്വീസുകള്‍ പുനഃക്രമീകരിച്ചും ജീവനക്കാരെ പരമാവധി വിനിയോഗിച്ചും ഇപ്പോള്‍ നടത്തിവരുന്ന പരിഷ്‌ക്കാരങ്ങള്‍ ഏറെ വിജയകരമായി മാറുന്നുണ്ട്. എന്നിരുന്നാലും ശമ്പളം-പെന്‍ഷന്‍, വായ്പാ, ഡീസല്‍ കുടിശിക എന്നിവയൊക്കെയായി വന്‍ ബാധ്യതയുടെ നടുക്കയത്തില്‍ത്തന്നെയാണ് കെഎസ്ആര്‍ടിസി. കോര്‍പറേഷന്റെ പ്രതിസന്ധിയെക്കുറിച്ച് കൊല്‍ക്കത്ത ഐഐഎമ്മിലെ സുശീല്‍ ഖന്ന പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പുനരുദ്ധാരണ നടപടികള്‍ കൈക്കൊള്ളുന്നത്. കൂടുതല്‍ ബസുകള്‍ പുറത്തിറക്കിയും ചെലവുകള്‍ പരമാവധി കുറച്ചും പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ എസ് ആര്‍ ടി സി അധികൃതര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ