കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തില്‍ ആശയക്കുഴപ്പം തുടരുന്നു

By Web DeskFirst Published Feb 15, 2018, 3:14 PM IST
Highlights

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഇരുപത് മുതല്‍ കൊടുത്ത് തുടങ്ങുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും സഹകരണ ബാങ്കില്‍ തുടങ്ങേണ്ട അക്കൗണ്ടുകളിലടക്കം പെന്‍ഷന്‍കാര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുകയാണ്. ഏതൊക്കെ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാമെന്നത് സംബന്ധിച്ച് വിശദമായ അറിയിപ്പ് ഇതുവരെ കിട്ടിയില്ലെന്നാണ് കെ.എസ്.ആ‍ര്‍.ടി.സിയും പറയുന്നത്. എന്നാല്‍ അംഗീകൃത സഹകരണ സംഘങ്ങളില്‍ എവിടെയും അക്കൗണ്ട് തുടങ്ങാനാകും വിധമാണ് ക്രമീകരണമെന്നാണ് സഹകരണ വകുപ്പ് നല്‍കുന്ന വിശദീകരണം 

20 മുതല്‍ പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് നടക്കും. സഹകരണ ബാങ്കുകളില്‍ അക്കൗണ്ടെടുക്കുന്ന മുറയ്‌ക്ക് ഈ മാസം അവസാനത്തോടെ എല്ലാവര്‍ക്കും കുടിശിക തീര്‍ത്ത് പെന്‍ഷന്‍ കൊടുക്കുമെന്നാണ് ഉറപ്പ്.  പെന്‍ഷന്‍ വിതരണത്തിന് 701 സഹകരണ സംഘങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടങ്ങളില്‍ പെന്‍ഷന്‍കാര്‍ക്ക് അക്കൗണ്ട് തുടങ്ങാമെന്നും  ബാങ്ക് കണ്‍സോഷ്യത്തിന്റെ യോഗത്തിന് ശേഷം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഏതൊക്കെ ബാങ്കുകളില്‍ അക്കൗണ്ടെടുക്കാം. നിലവില്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് അത് തുടരാനാകുമോ തുടങ്ങി നിരവധി സംശയങ്ങള്‍ ബാക്കിയാണ്. 

എന്നാല്‍ 701 എന്നത് പെന്‍ഷന്‍കാര്‍ സമീപിക്കാനിടയുള്ള സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം മാത്രമാണെന്നും അംഗീകൃത സ്ഥാപനങ്ങളിലേതിലും അക്കൗണ്ടെടുക്കുന്നതില്‍ തടസമില്ലെന്നുമാണ് സഹകരണ വകുപ്പ് വിശദീകരിക്കുന്നത്. കണ്‍സോഷ്യത്തില്‍ പങ്കെടുത്ത 198 സംഘങ്ങള്‍ അടക്കം 223 സംഘങ്ങളാണ് തുക വാദ്ഗാനം ചെയ്തിട്ടുള്ളത്. ഇത് തന്നെ 900 കോടിയോളം വരും. ആവശ്യമായ തുക മാത്രം എടുക്കാനാകും വിധം ബാക്കി ബാങ്കുകളെ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിശദീകരണം. 

click me!