വിഷുക്കാലത്ത് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് വിപുലമായ യാത്രാ സജ്ജീകരണങ്ങളുമായി കെഎസ്ആര്‍ടിസി

By Web DeskFirst Published Mar 22, 2017, 4:33 PM IST
Highlights

ജി ആര്‍ അനുരാജ്

സ്വകാര്യ ബസ് ലോബിയുടെ കടുത്ത പകല്‍ക്കൊള്ളയില്‍നിന്ന് ഇത്തവണ ബംഗളുരുവില്‍നിന്നുള്ള മലയാളി യാത്രക്കാര്‍ക്ക് ആശ്വാസമൊരുക്കി കെ എസ് ആര്‍ ടി സി. വിഷു-ഈസ്‌റ്റര്‍ അവധിക്കാലം പ്രമാണിച്ച് കേരളത്തിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി സജ്ജീകരിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഓഫ് ഓപ്പറേഷന്‍സ് ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബംഗളുരുവില്‍നിന്ന് കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന 11, 12 തീയതികളിലാണ് പ്രത്യേക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജി അനില്‍കുമാര്‍ പറഞ്ഞു. ബംഗളുരുവില്‍നിന്ന് കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍ പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഓടിക്കുന്നത്. തിരിച്ച് ബംഗളുരുവിലേക്ക് ഏപ്രില്‍ 16നാണ് സ്‌പെഷ്യല്‍ സര്‍വ്വീസ് ഓടിക്കുന്നത്. ഇതേദിവസം കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍ പയ്യന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് ബംഗളുരുവിലേക്ക് സ്പെഷ്യല്‍ സര്‍വ്വീസ് ഓടിക്കും. കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്‌സ്‌പ്രസ് ബസുകളാണ് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നതിനായി ഉപയോഗിക്കുന്നതെന്നും ജി അനില്‍കുമാര്‍ പറഞ്ഞു.

ഈ ബസുകള്‍ക്കുള്ള റിസര്‍വ്വേഷന്‍ അധികം വൈകാതെ ആരംഭിക്കും. യാത്രക്കാരുടെ ആവശ്യാനുസരം കൂടുതല്‍ ബസുകള്‍ വേണമെങ്കിലും അനുവദിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാണെന്ന് ജി അനില്‍കുമാര്‍ പറഞ്ഞു. തിരക്കിന് അനുസരിച്ച് കൂടുതല്‍ ബസുകള്‍ ഓടിക്കുന്നതിനുള്ള ക്രമീകരണവും ചെയ്‌തിട്ടുണ്ട്. സ്‌പെഷ്യല്‍ സര്‍വ്വീസിനുള്ള ബസുകള്‍ അധികംവൈകാതെ തന്നെ അതത് ഡിപ്പോകളില്‍ എത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് അവധിക്കാലത്ത് ബംഗളുരു സര്‍വ്വീസിനായി ഇത്രയും വിപുലമായ സജ്ജീകരണം കെ എസ് ആര്‍ ടി സി ഒരുക്കുന്നതെന്ന് ജി അനില്‍കുമാര്‍ പറഞ്ഞു. ഓണം, വിഷു, ക്രിസ്‌തുമസ് അവധിക്കാലങ്ങളില്‍ മലയാളി യാത്രക്കാരില്‍നിന്ന് സ്വകാര്യബസുകള്‍ അമിതമായ നിരക്ക് ഈടാക്കുന്നതായുള്ള പരാതി പതിവാണ്. ഇതുകൂടി മുന്നില്‍ക്കണ്ടാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രങ്ങള്‍ക്ക് കടപ്പാട്- ആനവണ്ടി ബ്ലോഗ്, കേരളആര്‍ടിസി ഡോട്ട് കോം

click me!