ശബരിമല സർവ്വീസുകള്‍ക്കായി ഡ്രൈവർമാരെ കൂട്ടത്തോടെ മാറ്റി; ജനപ്രിയ കെഎസ്ആര്‍ടിസി ചില്‍ ബസ് സർവ്വീസുകള്‍ മുടങ്ങുന്നു

By Web TeamFirst Published Jan 7, 2019, 7:56 AM IST
Highlights

മികച്ച വരുമാനമാണ് ഈ സർവ്വീസുകള്‍ വഴി കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. കൊച്ചിയില്‍ നിന്നും ഓരോ മണിക്കൂർ കൂടുമ്പോള്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരത്തേക്ക് ദിവസേന 24 സർവ്വീസുകളും, തൊടുപുഴയിലേക്കും കോഴിക്കോട്ടേക്കും 16 സർവ്വീസുകളുമാണ് പുറപ്പെട്ടിരുന്നത്. 

കൊച്ചി: ജനപ്രിയ കെഎസ്ആർടിസി സർവ്വീസായ ചില്‍ ബസുകള്‍ മുടങ്ങുന്നു. വിവിധ ജില്ലകളിലേക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട 26 സര്‍വ്വീസുകളാണ് ദിവസവും തടസ്സപ്പെടുന്നത്. ശബരിമല സർവ്വീസുകള്‍ക്കായി ഡ്രൈവർമാരെ വ്യാപകമായി മാറ്റിയതാണ് ഇതിന് കാരണമായി അധികൃതർ പറയുന്നത്. ശീതീകരിച്ച ബസുകളില്‍ കുറഞ്ഞ നിരക്കിലും കൂടുതല്‍ വേഗത്തിലും യാത്രചെയ്യാന്‍ സൗകര്യമൊരുക്കുന്ന ചില്‍ ബസ് സർവ്വീസുകള്‍, കുറഞ്ഞകാലം കൊണ്ടുതന്നെ യാത്രക്കാരുടെ പ്രിയപ്പെട്ടതായി മാറി.

മികച്ച വരുമാനമാണ് ഈ സർവ്വീസുകള്‍ വഴി കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. കൊച്ചിയില്‍ നിന്നും ഓരോ മണിക്കൂർ കൂടുമ്പോള്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരത്തേക്ക് ദിവസേന 24 സർവ്വീസുകളും, തൊടുപുഴയിലേക്കും കോഴിക്കോട്ടേക്കും  16 സർവ്വീസുകളുമാണ് പുറപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ ഓരോ ജില്ലകളിലേക്കും മൂന്ന് മുതല്‍ ആറുവരെ സർവീസുകള്‍ പതിവായി മുടങ്ങുന്നു. ശബരിമല സീസൺ ആരംഭിച്ചതോടെ ലോഫ്ലോർ ബസുകള്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ച ഡ്രൈവർമാരെ കൂട്ടത്തോടെ നിലയ്ക്കലിലേക്ക് മാറ്റി. ഇതാണ് ചില്‍ ബസ് സർവ്വീസ് താളം തെറ്റാന്‍ കാരണമായി അധികൃതർ പറയുന്നത്. 

കൊച്ചിയില്‍ നിന്നും ആലപ്പുഴ വഴി പോകേണ്ട 14 സർവീസുകളില്‍ 5 സർവീസുകള്‍ മുടങ്ങി. തൊടുപുഴയിലേക്ക് പുറപ്പെടേണ്ട ആറ് സർവ്വീസുകളും മുടങ്ങി. കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട 10 സർവീസുകളില്‍ മൂന്നെണ്ണം മുടങ്ങി. കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട 10 സർവീസുകളില്‍ 3 എണ്ണം മുടങ്ങി. പാലക്കാടേക്കുള്ള 9 സർവീസുകളും മുടങ്ങി. 

സ്ഥിരമായി ചില്‍ ബസുകള്‍ തിര‍‍ഞ്ഞെടുക്കുന്ന പല യാത്രക്കാരും കിട്ടിയ ബസിന് കയറി പോകാന്‍ തുടങ്ങിയിരിക്കുകയാണ്. അപ്രതീക്ഷിതമായി ട്രിപ്പ് മുടങ്ങിയത് ടിക്കറ്റ് റിസർവ് ചെയ്ത് കാത്തിരുന്ന യാത്രക്കാരെ വല്ലാതെ വലച്ചു. യാത്രക്കാർ കുറഞ്ഞ മേഖലകളില്‍ നിന്നും ഡ്രൈവർമാരെ ശബരിമല സർവ്വീസുകളിലേക്ക് മാറ്റി, ലാഭകരവും തിരക്കുള്ളതുമായ ചില്‍ ബസ് സർവീസുകള്‍ പഴയപടിയാക്കാനാകുമെന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നത്. 

click me!