
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും യൂണിയനുകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരിഷ്കരണ നടപടികള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും ഭരണ-പ്രതിപക്ഷ യൂണിയൻ പ്രതിനിധികൾ പറഞ്ഞു .
കെഎസ്ആർടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച മാസം വരെ കെഎസ്ആർടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിലൂടെ ഇത് 20 വര്‍ഷത്തെ ദീര്‍ഘകാല വായ്പയായി മാറ്റി. ഇതോടെ ഏപ്രില്‍ മുതല്‍ പ്രതിദിന കടം തിരച്ചടവ് 86 ലക്ഷമായി കുറഞ്ഞു. തത്ഫലമായി പ്രതിമാസ ബാധ്യതയില്‍ 64.2 കോടിയുടെ കുറവുണ്ടായി. ഈ വസ്തുത മറച്ചുവെച്ചാണ് എംഡി വ്യാജ പ്രചാരണം നടത്തിയതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.
തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്ക്കാരങ്ങൾ ഭരണ-പ്രതിപക്ഷ യൂണിയനുകൾക്കിടയിൽ കടുത്ത എതിർപ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നൽ സമരം മൂലമുള്ള നഷ്ടം യൂണിയൻ നേതാക്കളുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു.
തുടക്കത്തിൽ ഗതാഗത മന്ത്രിക്കും താത്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവിൽ മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് തച്ചങ്കരിയുടെ സ്ഥാനചലനം. അതേസമയം തിരുവനന്തപരത്തെ സമ്പൂര്‍ണ്ണ വൈദ്യുത ബസ് നഗരമാക്കാനുള്ള തച്ചങ്കരിയുടെ നിര്‍ദ്ദേശം ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അംഗീകിരച്ചു. തന്‍റെ ആശയങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്ന് തച്ചങ്കരി വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam