ടിപ്പു ജയന്തി ആഘോഷം: വ്യാപക അക്രമണം

By Web DeskFirst Published Nov 10, 2017, 7:09 PM IST
Highlights

മൈസൂര്‍: കര്‍ണ്ണാടക സർക്കാരിന്‍റെ ടിപ്പു ജയന്തി ആഘോഷത്തിനിടയില്‍ വ്യാപക ആക്രമണം. വിലക്ക് മറികടന്ന് കുടകിലെ മഡിക്കെരിയിലും ദാവനഗിരിയിലും ബിജെപി നടത്തിയ റാലിയിൽ സംഘർഷമുണ്ടായി. അഞ്ച് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. അതേ സമയം തങ്ങളുടെ രണ്ട് എംഎൽഎമാർ ടിപ്പു ജയന്തി ആഘോഷങ്ങളിൽ പങ്കെടുത്തത് ബിജെപിക്ക് തിരിച്ചടിയായി.

ടിപ്പു സുൽത്താന്‍റെ ജയന്തി ആഘോഷങ്ങളെ എതിർത്ത ബിജെപിയും തീവ്രഹിന്ദുത്വ സംഘടനകളും ജയന്തി ദിനത്തിൽ പ്രതിഷേധം കടുപ്പിച്ചു.ടിപ്പു ജയന്തിയെ അനുകൂലിച്ചും എതിർത്തുമുളള റാലികൾക്കും സമ്മേളനങ്ങൾക്കും സംസ്ഥാനത്താകെ പൊലീസ് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇത് മറികടന്നാണ് കുടകിലും ദാവനഗിരിയിലും ബിജെപി റാലി നടത്തിയത്. 

മുൻ വർഷങ്ങളിൽ ടിപ്പു ജയന്തി ആഘോഷം വർഗീയ സംഘർഷത്തിലേക്കെത്തിയ കുടകിൽ റാലി നടത്തിയ ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. കെഎസ്ആർടിസി ബസ്സുകൾക്ക് കല്ലെറിഞ്ഞു.ഇരുനൂറോളം പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കി.സിആർപിഎഫിനെ ഇവിടെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ടിപ്പു ജയന്തി വിരുദ്ധ ഹോരാട്ട സമിതിയുടെ ബന്ദ് കുടകിൽ തുടരുകയാണ്.

കുടകിനെക്കൂടാതെ ഉഡുപ്പി,ദക്ഷിണ കന്നഡ,ചിത്രദുർഗ,കോലാർ ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്. നാനൂറോളം തീവ്രഹിന്ദുത്വ സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കി. എതിർപ്പുകൾക്കിടയിലും വിപുലമായ ടിപ്പു ജയന്തി ആഘോഷങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാ ജില്ലാ,താലൂക്ക് ആസ്ഥാനങ്ങളിലും ആഘോഷങ്ങള്‍ നടന്നു. വിധാൻ സൗധയിലാണ് സംസ്ഥാന സർക്കാരിന്‍റെ ആഘോഷ പരിപാടി..
 

click me!