അയല്‍ക്കൂട്ടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഇടപാട്; നിയമനടപടിക്കൊരുങ്ങി കുടുംബശ്രീ

web desk |  
Published : Jun 09, 2018, 06:25 PM ISTUpdated : Jun 29, 2018, 04:21 PM IST
അയല്‍ക്കൂട്ടങ്ങളിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഇടപാട്; നിയമനടപടിക്കൊരുങ്ങി കുടുംബശ്രീ

Synopsis

ഭീമമായ സംഖ്യ വേണ്ടത്ര രേഖകളോ ഈടോ വേണ്ടാതെ തന്നെ വായ്പയായി നല്‍കിയാണ് അയല്‍ക്കൂട്ടങ്ങളെ ഇവര്‍ സ്വാധീനിക്കുന്നത്. 

വയനാട്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ കയറിക്കൂടി വിവിധ ധനകാര്യസ്ഥാപനങ്ങള്‍ നേട്ടം കൊയ്യുന്നതായി പരിശോധനയില്‍ കണ്ടെത്തി. നിരവധി പരാതികള്‍ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കുടുംബശ്രീമിഷനും വ്യക്തമാക്കി. അയല്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കുന്നവരുടെയും അംഗങ്ങളുടെയും അറിവില്ലായ്മയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ് ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍. ഭീമമായ സംഖ്യ വേണ്ടത്ര രേഖകളോ ഈടോ വേണ്ടാതെ തന്നെ വായ്പയായി നല്‍കിയാണ് അയല്‍ക്കൂട്ടങ്ങളെ ഇവര്‍ സ്വാധീനിക്കുന്നത്. 

കുടുംബശ്രീ ദേശസാല്‍കൃത-സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന വായ്പകള്‍ക്ക് 9 മുതല്‍ 12 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്. നാലു ശതമാനം അംഗങ്ങള്‍ അടച്ചാല്‍ മതി. ബാക്കി തുക സര്‍ക്കാരാണ് നല്‍കേണ്ടത്. എന്നാല്‍ സ്വകാര്യപണമിടപാട് സ്ഥാപനങ്ങളാകട്ടെ 24 ശതമാനം വരെ പലിശ വാങ്ങുന്നതായാണ് കുടുംബശ്രീ അധികൃതര്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്. പരാതികളേറിയതോടെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ യോഗങ്ങളിലേക്ക് പുറമെ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നതും ഇടപാടുകള്‍ നടത്തുന്നതും കര്‍ശനമായി വിലക്കി എ.ഡി.എസ്, സി.ഡി.എസ് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി. 

വിലക്ക് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളുടെ അംഗീകാരം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണം തടയാന്‍ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക ക്ലാസ് നല്‍കും. വയനാട് ജില്ലയില്‍ 9500 അയല്‍ക്കൂട്ടങ്ങളിലായി 1.47 ലക്ഷം അംഗങ്ങളാണുള്ളത്. വിവിധ പൊതുമേഖല ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി 202 കോടി രൂപ നിക്ഷേപവും 342 കോടി രൂപയുടെ വായ്പയും കുടുംബശ്രീയുടെ പേരിലുണ്ട്. 

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ വായ്പക്ക് നാല് ശതമാനം മാത്രമാണ് പലിശ ഈടാക്കുന്നത്. നാല് ശതമാനത്തിന് പുറമെ വരുന്ന പലിശ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കും. ഇങ്ങനെയാണ് വസ്തുത എന്നിരിക്കെ ഭീമമായ പലിശ വാങ്ങിയാണ് മൈക്രോ ഫിനാന്‍സിങ് എന്ന പേരില്‍ സ്വകാര്യ സ്ഥാനപനങ്ങള്‍ വായ്പ നല്‍കി കഴുത്തറപ്പന്‍ പലിശ ഈടാക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്