
തിരുവനന്തപുരം: കശ്മീരിലെ കത്വയില്‍ പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്.
പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത കശ്മീര്‍ സര്‍ക്കാരിന്റെ നിലപാട് മാതൃകാപരമാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മൂലം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനും സര്‍ക്കാരിനായി. പൊലീസ് അലംഭാവം കൊണ്ടു മാത്രം നിരവധി കുറ്റവാളികള്‍ മാന്യന്‍മാരായി വിലസുന്ന കേരളത്തിന് ഇതൊരു പാഠമാണ്.
അതേസമയം ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്.
സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam