
ബെംഗളൂരു: കഴിഞ്ഞ ദിവസം പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ കരഞ്ഞത് കോണ്‍ഗ്രസ് കാരണമല്ലെന്ന് വെളിപ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കര്‍ണ്ണാടക മുഖ്യന്‍റെ വെളിപ്പെടുത്തല്‍. കോൺഗ്രസ് സുഹൃത്തുക്കളെല്ലാം സമ്പൂർണ പിന്തുണ നൽകുന്നുണ്ട്. എന്തും ചെയ്യാനുള്ള സമ്മതമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിരിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങളല്ല എന്‍റെ വേദനയ്ക്കു കാരണം. അക്കാര്യത്തിൽ ഉറപ്പു നൽകാം. ഞാൻ വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ്. എന്തെങ്കിലും ചെയ്യാനാകുമെന്ന വിശ്വാസത്തിലാണ് ഞാനീ പദവി ഏറ്റെടുത്തത്. പക്ഷേ സമൂഹത്തിലെ ചില വിഭാഗക്കാർ എന്തിനാണ് എന്നെ വിമർശിക്കുന്നതെന്നറിയില്ല. എന്തു തെറ്റാണു ഞാൻ ചെയ്തത്. ഇതിനാലാണ് താന്‍ കരഞ്ഞത്. താൻ വികാരാധീനനായത്. മാധ്യമങ്ങൾ അതിനെ തെറ്റായി വിലയിരുത്തുകയായിരുന്നെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാൽ എന്‍റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോൾ നന്നായറിയാം. ഈ സഖ്യസർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാൻ...’ എന്നായിരുന്നു കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ചേർന്ന ജെഡിഎസ് യോഗത്തിൽ കുമാരസ്വാമിയുടെ പരാമർശം.
സഖ്യസർക്കാർ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലായിരുന്നു പ്രസ്താവന. ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്‍റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം എന്നായിരുന്നു കോൺഗ്രസിൽ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam