കുട്ടികളില്ലാ കോളേജുകളുമായി സാങ്കേതിക സര്‍വ്വകലാശാലയുടെ ചര്‍ച്ച

By Web DeskFirst Published Aug 25, 2016, 1:03 AM IST
Highlights

പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 19,640 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 12 ബാച്ചില്‍ ഒരു കുട്ടി പോലുമില്ല. 60 വിദ്യാര്‍ത്ഥികള്‍ പോലും ചേരാത്ത 12 കോളേജുകളുണ്ട്. ഈ കോളേജ് മാനേജ്‌മെന്റുകളെയാണ് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ചര്‍ച്ചക്ക് വിളിച്ചത്. ഈ 12 കോളേജുകളിലെ ചില ബാച്ചില്‍ രണ്ടും മൂന്നും വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിയുമോ എന്നാണ് സര്‍വ്വകലാശാല പരിശോധിക്കുന്നത്. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥികളെ സമീപത്തെ കോളേജുകളിലേക്ക് മാറ്റാനും അനുവദിക്കും. മുന്‍വര്‍ഷം സര്‍വ്വകലാശാല സമാന നിര്‍ദ്ദേശം വച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കോളേജ് മാനേജ്‌മെന്റുകള്‍ ഇതിന് തയ്യാറായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കോളേജുകളുടെ പ്രവര്‍ത്തനം സര്‍വ്വകലാശാല സൂക്ഷ്മമായി നിരീക്ഷിക്കും. ആവശ്യത്തിന് സൗകര്യങ്ങളും ഗുണനിലവാരം കുറഞ്ഞതിന്റേയും പേരില്‍ സര്‍വ്വകലാശാല ഈ വര്‍ഷം 5 കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയിരുന്നു.

click me!