കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വിദേശികളെ അനുവദിക്കരുതെന്നാവശ്യം

By Web DeskFirst Published Feb 14, 2018, 12:41 AM IST
Highlights

കുവൈത്ത്: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വിദേശികളെ അനുവദിക്കരുതെന്നാവശ്യം. കുവൈത്ത്  പാര്‍ലമെന്റിലെ ഏക വനിതാ എംപി സാഫാ അല്‍ ഹാഷെമാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്.  ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും നിയമിക്കുകയും ചെയ്യുന്ന വിദേശികള്‍ അവരോട് മോശമായി പെരുമാറുന്നുവെന്നും അവരെ പീഡിപ്പിക്കുന്നതായും സാഫാ അല്‍ ഹാഷെിന്റെ ആരോപണം. 

ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു. ഫിലിപ്പൈന്‍സ് വീട്ടുജോലിക്കാരിയെ കൊന്ന് ഫ്രീസറില്‍ തള്ളിയശേഷം നാടുവിട്ട അറബ് വംശജരായ വിദേശികളുടെ കഥ അടുത്തിടെയാണ് പുറത്തുവന്നത്. ഒരു വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിക്കപ്പെട്ട മൃതദേഹം കണ്ടെടുത്തതോടെ കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളായിട്ടുമുണ്ട്.

നിബന്ധനകള്‍ക്ക് അനുസരിച്ച് വിദേശികള്‍ക്ക് വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് കുവൈത്തില്‍ അനുവാദമുണ്ട്. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, വീട്ടുജോലിക്കാരോട് മോശമായി പെരുമാറിയതിനോ അവരെ പീഡിപ്പിച്ചതു സംബന്ധിച്ചോ ഇതുവരെ ഒരു സര്‍ക്കാര്‍ ഏജന്‍സിയും വിദേശികള്‍ക്കെതിരേ കുറ്റം ആരോപിച്ചിട്ടില്ല. 

എന്നിരുന്നാലും, കുവൈത്ത് നേരിടുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും വിദേശികളെ പഴിചാരുന്ന രീതിയാണ് സാഫാ അല്‍ ഹാഷെമിനുള്ളത്. വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് അഞ്ച് ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തണമെന്നതടക്കമുള്ള വിചിത്രങ്ങളായ നിരവധി നിര്‍ദേശങ്ങളുമായി മുമ്പും ഇവര്‍ രംഗത്ത് വന്നിരുന്നു.എന്നാല്‍, ഇത്തരം നിര്‍ദേശങ്ങള്‍ക്ക് ഒന്നും തന്നെ ഇത് വരെ മറ്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടിലായിരുന്നതും ശ്രദ്ധേയമാണ്.

click me!