സൗദിയില്‍ ഇനി ചീറിപ്പായാം;  വേഗപരിധി വര്‍ധിപ്പിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍

By Web DeskFirst Published Feb 14, 2018, 12:33 AM IST
Highlights

റിയാദ്: സൗദിയിലെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി വര്‍ധിപ്പിക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. വേഗപരിധി വര്‍ധിപ്പിച്ചതായുള്ള പ്രചാരണം അധികൃതര്‍ നിഷേധിച്ചു. പ്രധാനപ്പെട്ട ഹൈവേകളില്‍ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ നൂറ്റിനാല്‍പ്പത്  കിലോമീറ്റര്‍ ആക്കി വര്‍ധിപ്പിക്കാന്‍ നേരത്തെ സൗദി ട്രാഫിക് വിഭാഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധമായ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. 

നിലവില്‍ മണിക്കൂറില്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ ആണ് സൗദിയിലെ റോഡുകളില്‍ അനുവദിച്ച പരമാവധി വേഗത. പുതിയ സൈന്‍ ബോര്‍ഡുകള്‍ ഉടന്‍ റോഡുകളില്‍ സ്ഥാപിക്കും. റിയാദ് തായിഫ് റോഡ്‌, റിയാദ്-ദമാം റോഡ്‌, റിയാദ്-ഖസീം റോഡ്‌, മക്ക-മദീന ഹൈവേ എന്നിവിടങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ സ്പീഡ് ലിമിറ്റ് നൂറ്റിനാല്‍പ്പത് ആയി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ റോഡ്‌ സുരക്ഷാ വിഭാഗം നിഷേധിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് വരെ നിലവിലുള്ള നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ  വിഭാഗം മുന്നറിയിപ്പ് നല്‍കി.

click me!