
കുവൈത്തില്‍ സ്വദേശി യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി മാനവ വിഭവശേഷി മന്ത്രാലയം പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നു. .ഫോട്ടോഗ്രഫി, പ്രിന്റിംഗ്, കാര്‍ ആക്‌സസറീസ്, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ചെറിയ കടകള്‍ തുടങ്ങുന്നതിനുള്ള അനുമതി സ്വദേശി യുവാക്കള്‍ക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
രാജ്യത്തെ വിദേശികളുടെ, പ്രത്യേകിച്ച് ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ പുതിയ മാര്‍ഗങ്ങളാണ് മാനവ വിഭവശേഷി, സര്‍ക്കാര്‍ പുനഃസംഘടനാ പദ്ധതിയുടെ സെക്രട്ടറി ജനറല്‍ ഫൗസി അല്‍ മജ്ദലി അവതരിപ്പിച്ചത്. രാജ്യത്തെ യുവ പൗരന്‍മാര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചെറുകിട വ്യാപാര സംരംഭകര്‍ക്ക് ഈ മേഖലയിലുള്ള വിദേശികളുമായി കിടമത്സരം നടത്തേണ്ടിവരുന്നു. ഇത് ഒഴിവാക്കാന്‍ പൗരന്‍മാര്‍ക്ക് പാട്ടത്തിനു കൊടുത്തിരിക്കുന്ന സര്‍ക്കാര്‍ വസ്തുവകകളെക്കുറിച്ച് നിരീക്ഷണം നടത്തണം. പൗരന്‍മാര്‍ ഉപയോഗിക്കാത്ത സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ തിരിച്ചെടുത്ത് അര്‍ഹരായ പൗരന്‍മാര്‍ക്ക് നല്‍കണം.
ഫോട്ടോഗ്രഫി, പ്രിന്റിംഗ്, കാര്‍ ആക്‌സസറീസ്, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ചെറിയ കടകള്‍ തുടങ്ങുന്നതിനുള്ള അനുമതി യുവാക്കളായ സ്വദേശികള്‍ക്ക് നല്‍കണം. ഇത്തരം നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കണം. ഇത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും പരിഹാരമാകും. ഇത്തരത്തിലുള്ള ചെറുകിട കച്ചവടങ്ങള്‍ യുവാക്കള്‍ക്കു മാത്രമല്ല, ജോലിയില്‍നിന്നു വിരമിച്ചവര്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കും. മാനവ വിഭവശേഷി പൊതു അതോറിട്ടി, ആഭ്യന്തര മന്ത്രാലയം, പാര്‍പ്പിട വിഭാഗം എന്നിവയ്ക്ക് ഈ നിര്‍ദേശം നടപ്പാക്കുന്നതില്‍ സുപ്രധാന റോളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam