കുവൈത്തില്‍ ഔഷധങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റ് വഴി വില്‍ക്കാനാവില്ല

By Web DeskFirst Published Jul 19, 2017, 1:05 AM IST
Highlights

കുവൈത്തില്‍ ഔഷധങ്ങള്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളില്‍ വില്‍ക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തൊഴില്‍ സാമൂഹിക മന്ത്രാലയം അംഗീകരിച്ച് ഉത്തരവിറക്കി.

തൊഴില്‍ മന്ത്രാലയത്തിന്റെ ഭരണപരമായ ഉത്തരവ് 28/2996 പ്രകാരം, സഹകരണ സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, സുഗന്ധലേപന സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഔഷധ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് അധികൃതര്‍ നിരോധിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് പ്രസ്തുത തീരുമാനമെടുത്തിരിക്കുന്നതെന്ന് തൊഴില്‍- സാമൂഹിക കാര്യവകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കി.

സഹകരണ സൊസൈറ്റികളില്‍ മെഡിസിന്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു.  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബി സാമൂഹിക കാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നടപടിക്ക് ശുപാള്‍ശ ചെയ്തിരുന്നു. ഇതിനെ  തുടര്‍ന്നാണ് അല്‍ സബീഹ് സഹകരണ സൊസൈറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്.

ഫെല്‍ഫുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഔഷധ ഉല്‍പന്നങ്ങള്‍ മാറ്റണമെന്ന് സഹകരണ സൊസൈറ്റികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍- സാമൂഹിക കാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

click me!