ഇന്ത്യന്‍ വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് നീക്കി

By Web DeskFirst Published Sep 19, 2017, 1:08 AM IST
Highlights

ഇന്ത്യന്‍ വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിലക്ക് കുവൈത്ത് റെസിഡന്‍സി കാര്യ വകുപ്പ് നീക്കി. സ്‌ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് രണ്ടുവര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ ബാങ്ക് ഗാരന്റി ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കുവൈത്തും നിരോധനം നീക്കിയത്.

വനിതാ ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലുടമ 2500 ഡോളര്‍ എംബസിയില്‍ ബാങ്ക് ഗാരന്റിയായി നല്‍കണമെന്ന് രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യ നിര്‍ദേശിച്ചത്. പ്രസ്തുത നിര്‍ദേശത്തിനെതിരേ കുവൈറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയം കുവൈറ്റ് പാര്‍ലമെന്റിലും ചര്‍ച്ചയായി. ഇന്ത്യയില്‍നിന്നുള്ള എല്ലാ റിക്രൂട്ടുമെന്റുകളും നിരോധിക്കുന്നതുള്‍പ്പെടെ, കടുത്ത നടപടി സ്വീകരിക്കണമെന്ന് ചില എംപിമാര്‍ ആവശ്യമുയര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ്, ബാങ്ക് ഗാരന്റി വിഷയത്തിന്റെ  അടിസ്ഥാനത്തില്‍ സ്‌ത്രീ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് 2015-ല്‍ കുവൈത്ത് നിര്‍ത്തിയത്. അടുത്തിടെ ഇത് സംബന്ധിച്ച് , ഇന്ത്യ ഏര്‍പ്പെടുത്തിയ ബാങ്ക് ഗാരന്റി പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കുവൈത്തും ഇപ്പോള്‍ നിലപാടില്‍ മാറ്റംവരുത്തിയത്. ബാങ്ക് ഗാ്യാരന്റി ഏര്‍പ്പെടുത്തിയത് വഴി ഉദ്ദേശിച്ച ഫലം കാണാത്തതുമാണ് അത് പിന്‍വലിക്കാന്‍ പ്രധാന കാരണം.

 

click me!