കുവൈറ്റ് മന്ത്രിസഭ രാജിവച്ചു

By Web DeskFirst Published Oct 30, 2017, 10:25 PM IST
Highlights

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ രാജിവച്ചു. വാര്‍ത്താവിനിമയമന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യംചെയ്യാനിരിക്കെയാണ് രാജി.മന്ത്രിസഭയുടെ രാജി അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ സ്വീകരിച്ച് ഉത്തരവും പുറത്തിറങ്ങി. പുതിയ മന്ത്രിസഭ നിലവില്‍ വരുന്നതുവരെ നിലവിലുള്ള മന്ത്രിസഭ കാവല്‍ മന്ത്രിസഭയായി തുടരും. 

പ്രധാനമന്ത്രി ഷേഖ് സാബാ ജാബെര്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി ഇന്ന് അമീര്‍ ഷേഖ് സാബാ അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായാണ് സ്വീകരിച്ചത്. മന്ത്രിസഭയുടെ രാജി പാര്‍ലമെന്റിനെ ഔദ്യോഗികമായി അറിയിക്കുന്നതോടൊപ്പം ഗസറ്റിലും പ്രസിദ്ധപ്പെടുത്തും.എന്നാല്‍, മന്ത്രിസഭയുടെ രാജിക്കുള്ള കാരണം വ്യക്തമല്ല. ക്യാബിനറ്റ് കാര്യ മന്ത്രിയും വാര്‍ത്താവിനിമയ ആക്ടിംഗ് മന്ത്രിയുമായ ഷേഖ് മൊഹമ്മദ് അബ്ദുള്ള അല്‍ മുബാരക്കിനെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ നീക്കമുണ്ടായിരുന്നു. 

നാളെയും മറ്റന്നാളുമായി നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് പ്രമേയം വോട്ടിനിടാനും തീരുമാനിച്ചിരുന്നു. ഇതക്കമുള്ള വിഷയങ്ങളും, പാര്‍ലമെന്റ് അംഗങ്ങളുടെ നിസഹകരണമാണ് രാജിക്കു പിന്നിലെന്ന് സൂചനയുണ്ട്. മന്ത്രിസഭ രാജിവയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നവംബര്‍ 30-നാണ് ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള അമിറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഡിസംബര്‍ 10-ന് അധികാരമേറ്റെടുത്തു. 

എന്നാല്‍ രണ്ടു മാസങ്ങള്‍ക്കുശേഷം അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കുന്നതിനുമുമ്പ് വാര്‍ത്താവിനിമയ, യുവജനകാര്യ മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ ഹുമുദ് അല്‍ സാബാ രാജിവച്ചൊഴിഞ്ഞു. അന്താരാഷ്ട്ര കായിക സംഘടനകളായ ഫിഫയും ഒളിപിംക് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റിയെതിനെ തുടര്‍ന്നായിരുന്നു ഇത്.പുതിയ മന്ത്രസഭ അധികാരം ഏല്‍ക്കാതെ പാര്‍ലമെന്റ് സെക്ഷന്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ മല്‍സൂഖ് അല്‍ഗാനിം അറിയിച്ചിട്ടുണ്ട്.

click me!