രക്തം വാര്‍ന്നൊഴുകിയ യുവതിയുമായി സ്പീഡ് ബോട്ടില്‍ ഡോക്ടറുടെ സാഹസിക യാത്ര

By Web DeskFirst Published Feb 21, 2018, 2:28 PM IST
Highlights

കില്‍ത്താന്‍(ലക്ഷദ്വീപ്) : ഇത് ഒരു സിനിമാ കഥയല്ല. ഒരു ഹീറോയുടെ മാത്രം കഥയാണ്... ഖത്തറിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആലപ്പുഴക്കാരനായ അനസ് ഇന്നലെ രാത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ ആദ്യ വരിയാണ്. പറഞ്ഞിരിക്കുന്നത് സുഹൃത്തായ ഡോക്ടര്‍ വാക്കിതിനെ കുറിച്ച്. കുറിപ്പ് മുഴുവന്‍ വായിച്ചു കഴിയുമ്പോള്‍ ആര്‍ക്കും ബോധ്യമാകും ഹീറോ എന്ന വാക്കില്‍ ഒതുക്കാനാകില്ല കഴിഞ്ഞ ദിവസത്തെ വാക്കിതിന്‍റെ പ്രവര്‍ത്തി.

ലക്ഷദ്വീപ് സമൂഹത്തിലെ കില്‍ത്താന്‍ ദ്വീപിലാണ് യുവ ഡോക്ടറായ വാകിത് ജോലി ചെയ്യുന്നത്. പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള കിര്‍ത്താലിലെ ആശുപത്രിയില്‍ ഒരു ബ്ലഡ് ബാങ്ക് ഇല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ബ്ലഡ് ആവശ്യമായി വരുമ്പോള്‍ കൂടുതല്‍ സ്വകര്യങ്ങളുള്ള അഗത്തി ദ്വീപിലൊ മറ്റൊ എത്തിക്കണം. അല്ലെങ്കില്‍ പരമ്പരാഗത രീതിയില്‍ നേരിട്ട് രക്തം നല്‍കണം. 

കഴിഞ്ഞ ദിവസം ദ്വീപില്‍ ഒരു പ്രസവം നടന്നു. പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. യുവതിയുടെ ശരീരത്തിലെ രക്തം വാര്‍ന്നു പോയിക്കൊണ്ടേയിരിക്കുന്നു. 12 മുതല്‍ 15 വരെയാണ് സാധാരണയായി ഹീമോഗ്ലോബിന്റെ അളവ് ഉണ്ടാകേണ്ടത്. എന്നാല്‍ രക്തം വാര്‍ന്ന് യുവതിയുടെ ഹീമോഗ്ലോബിന്റെ അളവ് 3 ആയി കൊണ്ടിരിക്കുന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാകിതിന്റെ മുമ്പിലെത്തിയ ഈ രോഗിയെ രക്ഷിക്കാന്‍ മാര്‍ഗ്ഗം ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ സ്വകര്യങ്ങളുള്ള അഗത്തി ദ്വീപിലെ ആശുപത്രിയിലെത്തിക്കണം. എന്നാല്‍ അവിടെയും കടമ്പകളേറെ.

ദ്വീപില്‍ നിന്ന് രോഗിയെ എയര്‍ലിഫ്ട് ചെയ്യണം. പക്ഷെ രാത്രി ആയതു കൊണ്ട് ഹെലികോപ്റ്റര്‍ ദ്വീപില്‍ ഇറങ്ങില്ല. അഗത്തിയിലേക്ക് എത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗവുമില്ല. സമയം ഒട്ടുമില്ലെന്ന് ഉറപ്പുള്ള ഡോ. വാകിത് നേരിട്ട് രക്തം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. പിന്നീട് ഒരു നിമിഷം പോലും വൈകാതെ രോഗിയെയുമായുളള സാഹസിക യാത്രയായിരുന്നു. പ്രസവിച്ച് നിമിഷങ്ങള്‍ മാത്രമായ രക്തം വാര്‍ന്നുകൊണ്ടിരിക്കുന്ന യുവതിയെയുംകൊണ്ട് സ്പീഡ് ബോട്ടില്‍ അഗത്തിയിലേക്ക് തിരിച്ചു. ലക്ഷദ്വീപിലെ കിര്‍ത്താലിലെ ഡോക്ടര്‍ വാക്കിതിനെ ബന്ധപ്പെട്ടപ്പോള്‍ യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
 

അനസിന്‍റെ പോസ്റ്റ്

ഇത് ഒരു സിനിമ കഥ അല്ല .ഇതൊരു ഹീറോയുടെ മാത്രം കഥ ആണ് . ഇന്നലെ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല . രക്തം വാർന്നു പോയ്കൊണ്ടിരിക്കുന്നു . ഹീമോഗ്ലോബിൻ 3 (അതായതു ആവശ്യമുള്ള രക്തത്തിന്റെ നാലിൽ ഒന്ന് ) ആയി കൊണ്ടിരിക്കുന്നു . ദ്വീപിൽ നിന്നും രോഗിയെ ഐർലിഫ്ട് ചെയ്യണം . പക്ഷെ സമയം 5 .30 രാത്രി ആയതു കൊണ്ട് ഹെലികോപ്റ്റർ ദ്വീപിൽ ഇറങ്ങില്ല.Dr wakid ആയിരുന്നു ഡ്യൂട്ടിയിൽ . അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല . രക്തം നേരിട്ട് കൊടുക്കന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി . പിന്നെ അതി സാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറി. കാറ്റിനെയും കടലിനെയും വെല്ലു വിളിച്ചു ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു . അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു . ലെഫ്റ് ഫോർവേഡിൽ നിന്ന് ,കാലിൽ നിന്നും വെടിയുണ്ട പായിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ എന്റെ സീനിയർ wakid നെ മാത്രമേ ഞാൻ കണ്ടിട്ടുളളു . പക്ഷെ ഇത് കേട്ടപ്പോൾ എനിക്ക് ഒന്നേ പറയുന്നുള്ളു .... ബിഗ് സല്യൂട്ട് wakid ഭായ്. ഒരു ഡോക്ടറുടെ ജീവിതത്തിൽ ഉള്ള അഭിമാന നിമിഷം തന്നെ ആണിത് .​

 

 

click me!