
ഇടുക്കി: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി റവന്യൂ വകുപ്പ്. കയ്യേറ്റങ്ങൾ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. കയ്യേറ്റത്തിന് ശ്രമിച്ച ഭൂഉടമകളിൽ നിന്ന് വിശദീകരണം തേടിയെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ദേവികുളം സബ്കളക്ടർ അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷം മൂന്നാറിൽ ഭൂമി കയ്യേറ്റ ശ്രമങ്ങൾ വ്യാപകമാണ്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷമാണ് സ്ഥിതി രൂക്ഷമായത്. പ്രളയത്തിൽ മുതിരപ്പുഴയാറടക്കം കയ്യേറി നിർമിച്ച നിരവധി കെട്ടിടങ്ങൾ ഒലിച്ച് പോയിരുന്നു. പ്രളയമൊഴിഞ്ഞതോടെ ഇവയുടെ അറ്റകുറ്റ പണിയെന്ന പേരിൽ അനധികൃത നിർമ്മാണം സജീവമായി. പ്രളയം നാശം വിതച്ച മൂന്നാർ ടൗണിലെ റവന്യൂഭൂമിയിലടക്കം ഷെഡ്ഡുകളും ഉയർന്ന് തുടങ്ങി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അനധികൃത നിർമാണത്തിന്‍റെ ആദ്യഘട്ടത്തിൽ ചെറിയ കെട്ടിടങ്ങളാണ് പണിയുന്നത്.
പുഴ കയ്യേറി നിർമിച്ച കെട്ടിടങ്ങൾ നേരത്തെ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും നിർമ്മാണം തുടങ്ങി. ഈ സാഹചര്യത്തിലാണ് കയ്യേറ്റം കണ്ടെത്താൻ റവന്യൂ വകുപ്പ് പ്രത്യേക സംഘം രൂപീകരിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിലും അനധികൃത നിർമ്മാണം നടക്കുന്നതിനാൽ ദേവികുളം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് റവന്യൂ സംഘം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam