കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ്; എംസിറോഡ് തകര്‍ച്ചാ ഭീഷണിയില്‍

By Web DeskFirst Published Jul 26, 2016, 12:27 AM IST
Highlights

കൊട്ടാരക്കര: കൊട്ടാരക്കര എംസിറോഡില്‍ കുന്നിടിച്ച് അനധികൃതമെണ്ണെടുപ്പ് തകൃതിയായി തുടരുന്നു. ദിനം പ്രതി നൂറ് ലോഡിലധികം മണ്ണ് കടത്തുമ്പോഴും നടപടി എടുക്കാതെ നോക്കി നില്‍ക്കുകയാണ് അധികൃതര്‍. മണ്ണെടുത്ത് എംസി റോഡ് തകര്‍ന്നു. കൂടാതെ മണ്ണിടിച്ചില്‍ ഭീതിയുമുണ്ട്. കൊട്ടാരക്കര നഗരത്തിന് സമീപം എംസി റോഡിനോട് ചേര്‍ന്ന് എണ്‍പതടി ഉയരമുള്ളകുന്നാണ് മണ്ണെടുത്ത് നിരപ്പാക്കുന്നത്. നാലു മണ്ണുമാന്തിയന്ത്രങ്ങളും നിരവധി ടിപ്പറുകളുമാണ് രാത്രിയും പകലുമെന്നില്ലാതെ മണ്ണെടുക്കുന്നത്.

ദിനം പ്രതി ചുരുങ്ങിയത് നൂറ് ലോഡ് മണ്ണാണ് കടത്തുന്നത്. കഴി‌‌ഞ്ഞ മാസം വരെ പച്ച വിരിച്ച്  നിന്നിരുന്ന കുന്ന് ഈ അവസ്ഥയിലായി. കൊല്ലം ബൈപ്പാസിനുവേണ്ടിയാണ് മണ്ണെടുക്കുന്നതെന്നാണ് വിശദീകരണം. റയില്‍വെയുടെ നിര്‍മ്മാണ ആവശ്യത്തിന് മണ്ണ് നല്‍കാന്‍ കരാറുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത്രയും കൂടുതല്‍ മണ്ണെടുക്കുന്നതിന് പ്രത്യേക അനുമതി വേണം.

അതെടുത്തിട്ടില്ല. മാത്രമല്ല മണ്ണ് കടത്തുന്ന ടിപ്പ‌റില്‍ അതിനുള്ള പാസ് പ്രദര്‍ശിപ്പിക്കണമെന്നുണ്ട്. ഒരു വാഹനത്തിലും പാസ് ഒട്ടിച്ചിട്ടില്ല. എപ്പോഴും പൊലീസ് സാനിധ്യമുള്ള കൊട്ടരക്കര ടൗണിലൂടെയാണ് മണ്ണ് കടത്തുന്നത്. എന്നിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. 6 മീറ്ററിനും താഴേക്ക് അനുമതി ഇല്ലാതെ മണ്ണെടുക്കരുതെന്ന നിയമവും ലംഘിച്ചു.

വന്‍ മരങ്ങള്‍ പിഴുതെറിഞ്ഞാണ് ജെസിബി കൈകള്‍ മലതുരക്കുന്നത്. ഇതുവരെ നാലു കോടിയിലധികം രൂപയുടെ മണ്ണ് കടത്തികഴിഞ്ഞു. റോഡ് ചളിക്കളമായി കാല്‍ നടക്കാര്‍ക്ക് പോലും പോകാന്‍ വയ്യാത്ത അവസ്ഥ. കുത്തനെ മണ്ണെടുത്തതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും ഉണ്ട്. പ്രദേശത്തെ യുവജന പ്രസ്ഥാനങ്ങളെല്ലാം പരസ്യമായ നിയമലംഘനം കണ്ടിട്ടും മൗനത്തിലാണ്.

 

click me!