
റോം: ഇറ്റലിയിലെ പർവ്വത നഗരമായ നോർസിയയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ ചരിത്ര പ്രാധാന്യമുള്ള നിരവധി പുരാതന കെട്ടിടങ്ങൾ തകർന്നു. ആരും മരിച്ചതായി റിപ്പോർട്ടില്ല. 20 പേർക്കു പരിക്കേറ്റു. പാശ്ചാത്യ സന്യാസ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വിശുദ്ധ ബനഡിക്ടിന്റെ ജന്മനഗരമായ നോർസിയയിലെ 600 വർഷം പഴക്കമുള്ള സെന്റ് ബനഡിക്ട് കത്തീഡ്രൽ ഭൂകമ്പത്തിൽ തകർന്നു.
14-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കത്തീഡ്രലിൽ പ്രതിവർഷം 50,000 തീർഥാടകർ എത്താറുള്ളതാണ്. പ്രാദേശിക സമയം രാവിലെ 7.40നുണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തി. 36 വർഷത്തിനുള്ളിലെ ഏറ്റവും ശക്‌തമായ ഭൂകമ്പമാണിത്. വെനീസ്, റോം എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. റോമിലെ മെട്രോ അടച്ചിട്ടു. ഓസ്ട്രിയയിലെ സാൽസ്ബുർഗ്വരെയുള്ള പ്രദേശങ്ങളിൽ കമ്പനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഒമ്പത് ആഴ്ചയ്ക്കുള്ളിൽ ഇതു മൂന്നാം തവണയാണ് ഇറ്റലിയിൽ ഭൂകമ്പം ഉണ്ടാകുന്നത്. ജല, വൈദ്യുത ബന്ധങ്ങൾ താറുമാറായി. ഓഗസ്റ്റിൽ ഈ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 300 പേർക്കു ജീവഹാനി നേരിട്ടിരുന്നു. ബുധനാഴ്ചയും ഇവിടെ ഭൂകമ്പമുണ്ടായി. ഇതെത്തുടർന്നു നിരവധിപേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നതിനാലാണ് ഇന്നലത്തെ ഭൂകമ്പത്തിൽ ആൾനാശം ഉണ്ടാവാത്തതെന്നാണു നിഗമനം. മധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന ദേവാലയങ്ങളും മറ്റു ചരിത്ര സ്മാരകങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പ്രധാനമന്ത്രി റെൻസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam