ഹറം പള്ളിയില്‍ ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍

By Web DeskFirst Published Jul 2, 2016, 7:24 PM IST
Highlights

ജിദ്ദ: സമീപകാലത്ത് മക്കയിലെ ഹറം പള്ളി കണ്ട ഏറ്റവും വലിയ ഭക്തജനതിരക്കായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടിയുള്ള വിശ്വാസികളുടെ ഒഴുക്ക് പുലര്‍ച്ചെ വരെ നീണ്ടു. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച, ഇരുപത്തിയേഴാം രാവ് എന്നിവ ഒരുമിച്ച് വന്നതോടെ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് ഇന്നലെ ആരംഭിച്ച വിശ്വാസികളുടെ ഒഴുക്ക് ഇന്ന് പുലര്‍ച്ചെ വരെ തുടര്‍ന്നു.

ലൈലത്തുല്‍ ഖദറിന്റെ പുണ്യം തേടി ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം വിശ്വാസികള്‍ ഹറം പള്ളിയിലെത്തി. തറാവീഹ് ഖിയാമുല്ലൈല്‍ നിസ്കാരങ്ങള്‍ക്ക് പള്ളി നിറഞ്ഞു കവിഞ്ഞപ്പോള്‍ വിശ്വാസികള്‍ മുറ്റത്തും റോഡുകളിലും നിന്ന് നിസ്കാരം നിര്‍വഹിച്ചു. സമീപത്തെ ഹോട്ടലുകളില്‍ ഉള്ളവരില്‍ പലരും റൂമുകളില്‍ വെച്ച് തന്നെ പ്രാര്‍ത്ഥന നിര്‍വഹിച്ചു. നിരവധി മലയാളികളും പുണ്യരാവ് ചെലവഴിക്കാനായി ഹറം പള്ളിയില്‍ എത്തിയിരുന്നു.

തീര്‍ഥാടകര്‍ക്ക് സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മുപ്പതിനായിരത്തോളം സുരക്ഷാ ഭടന്മാരെ അണിനിരത്തി പ്രത്യേക സുരക്ഷാ പദ്ധതി ഇന്നലെ നടപ്പിലാക്കിയിരുന്നു. കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫില്‍ അഞ്ച് നേരത്തെ പ്രധാനപ്പെട്ട നിസ്കാരങ്ങള്‍ അല്ലാത്തവയൊന്നും അനുവദിക്കാത്തത് ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് ആശ്വാസമായി. ഉംറയുടെ പ്രത്യേക വസ്ത്രം ധരിക്കാത്തവര്‍ പള്ളിക്കകത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

പള്ളിയുടെ മുറ്റത്ത് വിശ്വാസികള്‍ക്ക് വരാനും പോകാനും പ്രത്യേക വഴികള്‍ ഒരുക്കി. പള്ളി പരിസരത്തേക്ക് വാഹനങ്ങളെ പ്രവേശിപ്പിച്ചില്ല. തിരക്ക് കണക്കിലെടുത്ത് മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന അധികൃതരുടെ എസ്.എം.എസ് സന്ദേശം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.

 

click me!