ലോക്സഭ പോരാട്ടം; എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്

By Web TeamFirst Published Jan 17, 2019, 6:40 AM IST
Highlights

മുന്നണി വിപുലീകരണത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗമാണ് ഇന്ന് ചേരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ ചേരുന്ന യുഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയേക്കും

തിരുവനന്തപുരം: രാജ്യം നോക്കിക്കാണുന്ന ലോക്സഭ പോരിന് മാസങ്ങള്‍ ബാക്കി നില്‍ക്കേ സംസ്ഥാനത്തെ പ്രബല മുന്നണികള്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നു. ഇടത് മുന്നണിയോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

ലോക് തന്ത്രിക് ജനതാദൾ, ഐഎൻഎൽ, കേരളാ കോൺഗ്രസ് ബി, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നീ പുതിയതായി ഉൾപ്പെടുത്തിയ പാർട്ടികളടക്കം പത്ത് ഘടകക്ഷികളാണ് ഇപ്പോൾ ഇടത് പാളയത്തിലുള്ളത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വനിതാ മതിലിന്‍റെ തുടർച്ചയും യോഗത്തിൽ ചർച്ചയാകും.

ഫെബ്രുവരി ആദ്യവാരം സംസ്ഥാന തല പ്രചരണ ജാഥ നടത്തുന്ന കാര്യത്തിൽ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും. അതേസമയം, യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്നു ചേരുന്നുണ്ട്. പത്തരയ്ക്ക് കന്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയേക്കും.

ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിക്കുമെങ്കിലും അത് അംഗീകരിച്ചേക്കില്ല. മുന്നണിയില്‍ ഉള്‍പ്പെടാത്ത ചെറുകക്ഷികളെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

ജെഡിയു, യുഡിഎഫ് വിട്ടപ്പോള്‍ പോകാതിരുന്ന വിഭാഗവും, എന്‍ഡിഎ വിട്ടു വന്ന രാജൻ ബാബു വിഭാഗത്തേയും മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക. അതേസമയം, പി സി ജോര്‍ജിനെ മുന്നണിയിലേക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

click me!