Latest Videos

പൊലീസ് നടപടി നാണക്കേട്; വ്യാപക പ്രതിഷേധം

By Web DeskFirst Published Jul 30, 2016, 7:34 AM IST
Highlights

കോഴിക്കോട് കോടതിക്ക് മുന്നില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ അപലപിച്ച് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. രോഷാകുലനായി പ്രതികരിച്ച വിഎസ് അച്യുതാനന്ദന്‍, നിങ്ങള്‍ പൊലീസ് എന്താണ് ചെയ്യുന്നതെന്ന് ഡിജിപിയോട് ഫോണിലൂടെ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരെ എന്തിന് തടയുന്നുവെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. കോഴിക്കോട് സംഭവം കേരളത്തിന് നാണക്കേടാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി വെറും കാഴ്ചക്കാരനാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും വിമര്‍ശിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വിഎസ് സുനില്‍കുമാറും സംഭവത്തെ അപലപിച്ചു. എന്നാല്‍ സംസ്ഥാനത്ത് അസ്വസ്ഥതകളുണ്ടാക്കാനുള്ള ചില ഗൂഢ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നെന്നായിരുന്നു മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. മാധ്യമങ്ങളെ തടഞ്ഞ നടപടി മൗലികാവകാശ ലംഘനമാണെന്നായിരുന്നു  കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ പൊലീസ് നടപടി അപലപനീയമെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

click me!