
കൊച്ചി: നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ ദുരൂഹത തീരുന്നില്ല. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ഒത്തുതീർപ്പുണ്ടായിട്ടില്ലെന്ന് ലീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രവി പൂജാരിയ്ക്ക് എതിരായ പരാതിയിൽ താന്‍ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. തനിക്കും തന്‍റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതിൽ നിരാശയുണ്ടെന്നും പറഞ്ഞു.
കൊച്ചിയിലെ ഒരു കോണില്‍ കിടക്കുന്ന തന്‍റെ സ്ഥാനപത്തിന് നേരെ വിദേശത്തുള്ള രവി പൂജാരയ്ക്ക് ആക്രമണം നടത്താന്‍ സാധിച്ചെങ്കില്‍ അതിന് പ്രാദേശിക സഹായം ലഭിച്ചതായി സംശയിക്കണം. പൊലീസ് പ്രതികളെ പിടികൂടുമെന്ന് തന്നെയാണ് തന്‍റെ വിശ്വാസമെന്ന പറഞ്ഞ നടി തനിക്ക് എതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ലീനയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്ന് രവി പൂജാരിയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന് വന്ന ശബ്ദസന്ദേശത്തിലും സ്ഥിരീകരിക്കുന്നു. ലീന മരിയ തട്ടിപ്പുകാരിയാണെന്നും പണം കിട്ടാതെ ഒരു ഒത്തുതീര്‍പ്പും ലീനയുമായി ഉണ്ടാവില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും ലീന തനിക്ക് പണം തന്നെന്നുമുള്ള തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്.
ലീന തട്ടിപ്പുകാരിയാണ് അവള്‍ ആളുകളെ കബളിപ്പിക്കും. ലീനയുടെ കേസില്‍ നിന്നും ഒഴിയണമെന്നും അവള്‍ തട്ടിപ്പുകാരിയാണെന്നും അവരുടെ അഭിഭാഷകനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരുപാടാളുകളില്‍ നിന്നും പണം തട്ടിയെടുത്ത ആളാണ് ലീന അങ്ങനെയൊരാള്‍ എന്തിനാണ് പൊലീസ് സുരക്ഷ തേടുന്നത്... ഏഷ്യാനെറ്റ് ന്യൂസിന് അയച്ച ശബ്ദസന്ദേശത്തില്‍ രവി പൂജാരി എന്ന് കരുതുന്നയാള്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam