ജീവജലം പദ്ധതി: കോഴിക്കോട് ജില്ലയിലെ കുളങ്ങള്‍ ശുചിയാക്കുന്നു

web desk |  
Published : Apr 28, 2018, 05:04 PM ISTUpdated : Jun 08, 2018, 05:48 PM IST
ജീവജലം പദ്ധതി: കോഴിക്കോട് ജില്ലയിലെ കുളങ്ങള്‍ ശുചിയാക്കുന്നു

Synopsis

ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ജീവജലം. ഓരോ വിദ്യാലയവും ഒരു ജലാശയം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് ഈയിടെ തളി സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമിട്ടിരുന്നു. 

കോഴിക്കോട്:  ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) 'ജീവജലം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ചു സംരക്ഷിക്കാന്‍ ശ്രമം. ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ജീവജലം. ഓരോ വിദ്യാലയവും ഒരു ജലാശയം തെരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് ഈയിടെ തളി സാമൂതിരി ഹയര്‍സെക്കന്ററി സ്‌കൂളില്‍ തുടക്കമിട്ടിരുന്നു. 

ജില്ലയിലെ പള്ളി കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമം പിന്നീട് സേവ് നടത്തി. ജില്ലയിലെ പള്ളികളോട് അനുബന്ധിച്ചുള്ള കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ പള്ളി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവിന്റെ പ്രതിനിധികള്‍ കോഴിക്കോട് ഖാസി കെ.വി.ഇമ്പിച്ചമ്മദിനെ കണ്ട് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം ജില്ലയിലെ ക്ഷേത്രങ്ങള്‍ ശുചീകരിച്ചു സംരക്ഷിക്കാന്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം  നല്‍കണമെന്ന് ആവശ്യപ്പെട്ട്  മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. ശ്രീധരന് സേവിന്റെ പ്രതിനിധികള്‍ നിവേദനം നല്‍കി.

ക്ഷേത്ര കമ്മിറ്റികള്‍ പ്രത്യേക യോഗം ചേര്‍ന്ന് ജലസംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ക്ഷേത്രക്കുളം ശുചീകരിച്ച് സംരക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. കുളങ്ങള്‍ ശുചീകരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കണം. ഇതായിരുന്നു സേവിന്റെ ആവശ്യം. ഇന്ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ഏതായാലും ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്ര കുളങ്ങളും ശുചീകരിച്ച് സംരക്ഷിക്കാനുള്ള നിര്‍ദ്ദേശം ക്ഷേത്ര കമ്മിറ്റികള്‍ക്ക് നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ബോര്‍ഡിന് കീഴിലല്ലാത്ത ക്ഷേത്രങ്ങളുടെ ഭാരവാഹികളെ നേരിട്ട് കണ്ട് സേവ് ഇതേ അഭ്യര്‍ത്ഥന നടത്തും.

വിദ്യാഭ്യാസ ഉപ-ഡയറക്റ്റര്‍ ഇ.കെ.സുരേഷ് കുമാര്‍, പ്രൊഫ.ശോഭീന്ദ്രന്‍, സേവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുള്ള സല്‍മാന്‍, കെ.കെ.രവീന്ദ്രന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു. ജില്ലയിലെ ക്ഷേത്രക്കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ സേവ് നടത്തുന്ന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് രാവിലെ എട്ടുമണിക്ക് കുറ്റ്യാടിക്കടുത്തുള്ള ദേവര്‍കോവില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കുളം ശുചീകരിച്ചു കൊണ്ട് നിര്‍വഹിക്കും. 

ദേവര്‍ കോവില്‍ കെവികെഎംഎംയുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ.നവാസിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ 40 അധ്യാപകര്‍ ചേര്‍ന്നാണ് ക്ഷേത്രക്കുളം ശുചീകരിക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുളം ആണിത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രവും കുളവും തകര്‍ക്കപ്പെട്ടു. പിന്നീട് ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണം നടത്തിയെങ്കിലും കുളം അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ് മൃതപ്രായമായി കിടക്കുകയാണ് ഇപ്പോള്‍ കുളം. ഇതുകാരണം സമീപത്തെ വീടുകളിലെ കിണറുകളും മലിനമായിക്കൊണ്ടിരിക്കുന്നു. കുളം ശുചിയാക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് കരുതുന്നത്. ശുചീകരണത്തിന് ശേഷം കുളം ക്ഷേത്രകമ്മിറ്റി ഏറ്റെടുത്ത് സംരക്ഷിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്