ലിഗയുടെ സംസ്കാരം ഇന്ന്; അന്ത്യയാത്രയൊരുക്കി സഹോദരി

By Web DeskFirst Published May 3, 2018, 7:12 AM IST
Highlights
  • ലിഗയുടെ സംസ്കാരം ഇന്ന്; അന്ത്യയാത്രയൊരുക്കി സഹോദരി

തിരുവനന്തപുരം: സഹോദരിയുടെ രോഗം മാറുമെന്ന പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തിയ എലിസ ഇന്ന് ലിഗയുടെ അന്ത്യകർമ്മങ്ങള്‍ നടത്താനൊരുങ്ങുകയാണ്. തൈക്കാട് ശാന്തികവാടത്തിൽ വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സര്‍ക്കാരിന്റെ സഹായത്തോടെ ലിഗയ്ക്കായി ഞായറാഴ്ച തലസ്ഥാനത്ത് അനുസ്മരണ ചടങ്ങ് നടത്തുമെന്നും എലിസ അറിയിച്ചു.

എലിസയ്ക്ക് ജീവനായിരുന്നു സഹോദരി ലിഗയെ.  വിദേശയാത്രയിലൂടെ വിഷാദരോഗമെല്ലാം മാറി, സന്തോഷം നിറഞ്ഞ പഴയ ജീവിതത്തിലേക്ക് അവള്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് ഒപ്പം വന്ന എലിസ, ഇന്ന് ലിഗക്കായി അന്ത്യയാത്രയൊരുക്കുന്നു. കാണാതായ നാള്‍ മുതല്‍ സമാനതകളില്ലാത്ത വഴിയിലൂടെയെല്ലാം ലിഗയെ തേടിയലഞ്ഞു എലിസ. ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രുവിന് ഒപ്പം പോസ്റ്റര്‍ പതിച്ച് അന്വേഷണം തുടരുമ്പോഴും ഒരുഘട്ടത്തിലും എലിസ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. 

സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും, നീ തിരികെ വരാന്‍ കാത്തിരിക്കുകയാണെന്നും ലിഗയോടായി പറഞ്ഞ വരികള്‍ ഫെസ്ബുക്കില്‍ കുറിച്ചു. ഒരു മാസത്തിന് ശേഷം ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയപ്പോഴും തളരാതെ, ആത്മധൈര്യത്തോടെ നിയമപോരാട്ടം തുടര്‍ന്നു. മനസ് നിറയെ ലിഗയുടെ ഓര്‍മകളുമായി, ജന്മനാട്ടിലേക്ക് അവളുടെ ഒരു പിടി ചാരവുമായി മടങ്ങേണ്ടി വരുമ്പോഴും എലിസയ്ക്ക് ർആരോടും പരിഭവമില്ല. പിന്തുണച്ച എല്ലാവര്‍ക്ക് നന്ദിപറയാനും, ഒപ്പം ലിഗയുടെ ഓര്‍മകള്‍ പങ്കുവയ്ക്കാനുമായി ഞായറാഴ്ച നിശാഗന്ധിയില്‍ അനുസ്മരണ ചടങ്ങ് നടത്തുന്നുണ്ട്. ലിഗയുടെ ചിതാഭസ്മവുമായി അടുത്തയാഴച ജന്മനാട്ടിലേക്ക് മടങ്ങാനാണ് എലിസുടെ തീരുമാനം. 

click me!