
ഇവള്‍ നഴ്‌സ്... ജീവന്റെ ഹൃദയനാഡീ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നവള്‍. കാര്‍ഡിയാക് മോണിറ്ററിന്റെയും വെന്റിലേറ്ററിന്റെയും സിറിഞ്ച് പമ്പുകളുടെയും വെറും കാവല്‍ക്കാരല്ല; ജീവന്റെ തുടിപ്പുകള്‍ നിലച്ചുപോവാതെ കണ്ണിമവെട്ടാതെ കാവലിരിക്കുന്ന മാലാഖ. ജീവന്‍ തിരിച്ചുകിട്ടിയവര്‍ സന്തോഷത്തിന്റെ ജീവിതത്തിരക്കില്‍ ഇവളെ മറന്നുകാണാം. അപ്പോഴും അടുത്ത ജീവന് കാവലിരിപ്പുണ്ടാകും ഭൂമിയിലെ ഈ ദൈവപുത്രി; സ്വജീവന്‍ എരിഞ്ഞില്ലാതാവുന്നത് പോലും ഓര്‍ക്കാതെ. അവളിലൊരാളാണ് പേരാമ്പ്രയിലെ ലിനി സജീഷ്. അന്യന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചിട്ടും ആ ദേഹിയെ അവനവന്റെ കുടുംബത്തിലേക്ക് മടക്കിയയക്കാന്‍ പോലും വിലക്കുന്ന ലോകം. ഇനിയുമുണ്ടാകാതിരിക്കട്ടെ ലിനിമാര്‍.
നിപയും മറ്റ് പകര്‍ച്ച പനികളും ടിബിയും എച്ച്ബിഎസ്എജിയും എച്ച്‌സിവിയും എച്ച്‌ഐവിയും ചിക്കന്‍പോക്‌സും തുടങ്ങി പിടിവിടാതെ തുടരുന്ന രോഗങ്ങളുമായി വരുന്നവരോട് വിവേചനം കാണിക്കുവാനുള്ള മനസല്ല ഇവരുടേത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പോലും സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ സംവിധാനങ്ങളെല്ലാം ഡോക്ടര്‍മാരായിരുന്നു ഉപയോഗിച്ചിരുന്നത്. രോഗിക്കൊപ്പം കൂടുതല്‍ ഇടപഴുകേണ്ടി വരുന്ന നഴ്‌സിന് എന്‍ 95 മാസ്‌ക് പോലും നല്‍കിയില്ലെന്നതാണ് വാസ്തവം. എന്നിട്ടും നഴ്‌സിന്റെ മനസ് രോഗിയോടൊപ്പമായിരുന്നു. അവരുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു.
നഴ്‌സിന്റെ മനസ് ദുഷിച്ചതായിരുന്നുവെങ്കില്‍ ആതുരാലയങ്ങള്‍ മരണാലയങ്ങളായി മാറിയേനെ. സങ്കടം ഉള്ളിലൊതുക്കി രോഗിയെ മാറോട് ചേര്‍ത്ത് വച്ച് പരിചരിക്കുന്ന ഈ മാലാഖമാരോട് മതിപ്പ് കുറഞ്ഞ് പോയെന്ന് പറയുന്ന ആരോഗ്യമന്ത്രി രാഷ്ട്രീയം സമൂഹത്തിനുണ്ടാവില്ലെന്ന് വേണം കരുതാന്‍. ഒരാള്‍ കാര്‍പ്പിച്ചു തുപ്പുന്നത് കണ്ടാല്‍, ഛര്‍ദ്ദിക്കുന്നത് കണ്ടാല്‍, സ്വന്തം കുഞ്ഞിന്റെ വിസര്‍ജ്യം പോലും കണ്ടാല്‍ ആ കാഴ്ച മനസില്‍ നിന്നും മാറുന്നതുവരെ ഭക്ഷണമിറങ്ങാത്തുവരുടെ ലോകമാണിതെന്നൊര്‍ക്കണം. നഴ്‌സ് ഒരുവള്‍ ഒരു ദിവസം തീര്‍ക്കുന്നത് ഒരാളുടെ മാത്രം ഛര്‍ദ്ദിലും കഫവും വിസര്‍ജ്യവും കണ്ടുകൊണ്ടല്ല; പലവിധ രോഗങ്ങളാല്‍ എത്തുന്ന നൂറുകണക്കിനാളുകളുടെ... ഇഞ്ചക്ഷനെടുക്കാനും മരുന്ന് നല്‍കാനും മാത്രമല്ല, കിടക്ക വിരി മാറ്റാനും രോഗിയെ ഷൗരം ചെയ്യിക്കാനും തുടച്ചു വൃത്തിയാക്കാനും എല്ലാം നഴ്‌സ് തന്നെ.
ശമ്പളത്തിന് വേണ്ടി മുറവിളികൂട്ടുന്ന വര്‍ഗമായിട്ടാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഇങ്ങിനെ മുദ്രകുത്തുന്നത്. ഇവര്‍ ചോദിക്കുന്ന ശമ്പളം പ്രതിമാസം 20,000 രൂപയാണെന്നോര്‍ക്കണം. മാന്യമായി ജീവിതം നയിക്കാന്‍ ലക്ഷം കിട്ടിയാലും ഇവര്‍ക്ക് മതിയാവില്ല. ചെലവിനത്തില്‍ ഇവര്‍ക്ക് ഏറിയകൂറും വരുന്നത് സ്വന്തം ചികിത്സയ്ക്കാണ്. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസം സിക്ക് ലീവെടുക്കുന്നവരുടെ എണ്ണം പരിശോധിച്ചാലറിയാം വസ്തുത. സ്വകാര്യ മേഖലയിലാവട്ടെ, 80 ശതമാനവും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ്. ഇവരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെയാണ്. പലയിടത്തും അര്‍ഹമായ മെഡിക്കല്‍ ലീവ് പോലും അനുവദിച്ച് കൊടുക്കുന്നില്ലെന്നതാണ് മറ്റൊരു ക്രൂരത. രണ്ടര വര്‍ഷം നടത്തിയ സഹന സമരത്തിനൊടുവിലല്ലേ ഭരണകൂടം നഴ്‌സിന് മുഖം കൊടുത്തത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെ പോലെ നഴ്‌സുമാരുടെ ഒരു കൂട്ടായ്മ പിറവിയെടുക്കും വരെ ഇവരുടെ ലോകം ഇരുള്‍ നിറഞ്ഞതായിരുന്നു.
2013-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം ചോദിച്ചാണ് 10 മാസത്തോളമായി ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നൂറോളം സ്ത്രീകള്‍ വെയിലും മഴയും കൊണ്ട് സമരമിരിക്കുന്നത്. 2017 ഏപ്രില്‍ 23-ന് നഴ്‌സുമാരുടെ ശമ്പളം പുതുക്കി പുറത്തിറക്കിയ വിജ്ഞാപനം മഹാഭൂരിപക്ഷം ആശുപത്രികളിലും നല്‍കി തുടങ്ങിയിട്ടില്ല.
ശമ്പളം പുതുക്കിയ സര്‍ക്കാരിന് അത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കൂടിയുണ്ടെന്ന് നഴ്‌സല്ലാതെ മറ്റാരും ഏറ്റുപറയുന്നില്ലെന്നത് ഉടമയ്ക്ക് ധൈര്യം നല്‍കുകയാണ്. പുതുക്കിയ ശമ്പളം നല്‍കിയില്ലെന്ന പരാതിയില്‍ പെട്ടെന്നൊരു ചര്‍ച്ചയും നടപടിയും വേണ്ടെന്ന ചിന്തയുള്ളതു പോലെ സര്‍ക്കാര്‍ പെരുമാറുന്നതും ആശുപത്രി കച്ചവട മുതലാളിമാര്‍ക്ക് തുണയാണ്.
കൂടുതല്‍ ശമ്പളം ചോദിക്കുന്ന നഴ്‌സിന് കൂടുതല്‍ പണി കൊടുക്കാനാണ് ഇപ്പോള്‍ മത്സരം. നഴ്‌സ് സൗഹൃദ ആശുപത്രിയെന്ന ഖ്യാദിയുണ്ടാക്കി ബിസിനസ് കൂട്ടാന്‍ പുതുക്കിയ ശമ്പളം നല്‍കിയ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിന് അര്‍ഹമായ അലവന്‍സുകള്‍ വെട്ടിച്ചത് ഉദാഹരണം മാത്രം. ഇ.എസ്.ഐ, നൈറ്റ് അലവന്‍സ്, ഓവര്‍ ടൈം അലവന്‍സ് എന്നിവയുള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് പൂര്‍ണ്ണമായും ഇല്ലാതാക്കിയത്. ഷിഫ്റ്റ് സമ്പ്രദായത്തിലെ സമയക്രമം പുതുക്കി സ്ത്രീകളായ നഴ്‌സുമാരെ പാതിരാത്രികളില്‍ തെരുവിലേക്കിറക്കിവാടാനുള്ള കുടില തന്ത്രങ്ങളാണിവിടങ്ങളില്‍.
ഡ്യൂട്ടിസമയം അരമണിക്കൂര്‍ കുറച്ചു എന്ന പ്രതീതിയുണ്ടാക്കിയാണ് പുതിയ തന്ത്രം. തത്വത്തില്‍ നിലവില്‍ ലഭിച്ചിരുന്ന ഡ്യൂട്ടി സമയത്തില്‍ നിന്ന് അരമണിക്കൂര്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത ആള്‍ ഡ്യൂട്ടിക്ക് കയറുമ്പോള്‍ രോഗികളുടെ വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടിവരുന്ന അരമണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെയുള്ള അധിക ജോലി നിയമപ്രകാരമുള്ള ഡ്യൂട്ടി സമയത്തില്‍ ഉള്‍പ്പെടില്ലെന്ന് സാരം. ഇതിനെല്ലാ പുറമേ, ആശുപത്രി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ നഴ്‌സിന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കുന്ന പ്രവണതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഓപ്പറേഷന്‍ തിയ്യറ്റര്‍ കേസിന് രോഗിയില്‍ നിന്ന് ഈടാക്കുന്നത് ആകെ ചെലവിന്റെ എത്രയോ മടങ്ങാണ്. സര്‍ക്കാര്‍ ശമ്പളം പുതുക്കുന്നുവെന്ന് സൂചന ലഭിക്കും മുമ്പേ ചികിത്സാ ചാര്‍ജ് ഇരട്ടിയാക്കി കാത്തിരുന്നവരാണ് പുതിയ ശമ്പളം നല്‍കി സ്വയം വെള്ള പൂശുന്നത്.
സഹനത്തിന്റെ പാതയിലാണ് നഴ്‌സിന്റെ ജീവിതം. തുച്ഛമായ ശമ്പളത്തിന്, മാനേജ്‌മെന്റിന്റെയും ഇടയ്ക്ക് രോഗീ കൂട്ടിരിപ്പുകാരുടെയും ആട്ടും തുപ്പും സഹിച്ചുള്ള നരകജീവിതം. ആതുരാലയങ്ങളിലെ ഈ ആടു ജീവിതത്തിനപ്പുറത്തേക്ക് സഞ്ചരിക്കാന്‍ നഴ്‌സിനുള്ളത് സ്വപ്‌നം മാത്രമാവുകയാണിപ്പോഴും. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഇവരൊന്നടങ്കം കൈകോര്‍ക്കുമ്പോഴും കാരുണ്യത്തിന്റെ അംശം ഇവരുടെ ഞരമ്പുകളിലെ രക്തയോട്ടത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ടാവാം.
മനസിലെ നന്മ ഇവരെ രോഗാവൃതമായ സമൂഹത്തിന് വലയം തീര്‍ക്കാന്‍ മാത്രമുള്ളവരെന്ന ചിന്തയിലേക്ക് തളച്ചിടുകയാണോ ? അങ്ങിനെയെങ്കില്‍ ഇവര്‍ക്ക് വേണ്ടി ആ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ നമുക്കല്ലേ കഴിയേണ്ടത്. നമ്മുടെ കാവല്‍ മാലാഖമാരെ കാത്ത് രക്ഷിക്കാന്‍ നമ്മളെഴുന്നേല്‍ക്കും വരെ കാത്തിരിക്കാന്‍ പറയുമ്പോള്‍ വീണ്ടും വീണ്ടും ലിനിമാരുണ്ടാവും. ഒപ്പം നമ്മുടെ ജീവനും ഇല്ലാതാവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam