
കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചേക്കും. കണ്ടെയ്നർ ലോറികളിൽ നിന്ന് മാത്രം ടോൾ പിരിക്കുമെന്ന് ടോൾ പ്ലാസ അധികൃതർ അറിയിച്ചെങ്കിലും ഒരു വാഹനങ്ങൾക്കും ടോൾ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. രാവിലെ എട്ടു മണിക്ക് തുടങ്ങേണ്ടിയിരുന്ന ടോൾ പിരിവ് പ്രതിഷേധം മൂലം തുടങ്ങാനായില്ല.
മുളവുകാട് ഭാഗത്തെ സർവ്വീസ് റോഡിന്‍റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുക അല്ലെങ്കിൽ എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ രേഖാ മൂലം ഉറപ്പ് നൽകുക എന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്നത്. കണ്ടെയ്നർ ലോറി പോലുള്ള വലിയ വാഹനങ്ങൾക്കെങ്കിലും ടോൾ പിരിവ് അനുവദിക്കണമെന്ന് ദേശീയ പാത അതോറിറ്റി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
എന്നാൽ വലിയ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിച്ചാൽ അത് ക്രമേണ ചെറു വാഹനങ്ങൾക്കും ബാധകമാക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
കണ്ടെയ്നർ ടെർമിനൽ റോഡു നിർമാണം പൂർത്തിയായതിനെ തുടർന്ന് 2015 ഓഗസ്റ്റിൽ ടോൾ പിരിവ് തുടങ്ങാൻ ദേശീയ പാത അതോറിറ്റി തീരമാനിച്ചിരുന്നു. ഇതിനായി ടോൾ പ്ലാസയും മറ്റും ക്രമീകരിക്കുകയും ചെയ്തു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഇത് മാറ്റി വച്ചു. കഴിഞ്ഞ ജൂലൈയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ടോൾ പിരിവ് തുടങ്ങാൻ തീരുമാനിച്ചത്. കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരു ദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയുമാണ് ടോൾ. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരു ദിശകളിലേക്കുമായി 240 രൂപയും.
കളമശ്ശേരി മുതൽ മുളവുകാട് വരെയുള്ള പതിനേഴ് കിലോമീറ്റർ ദൂരത്തിനാണ് ഇത്രയും ഭീമമായ തുക ഈടാക്കുന്നത്. 909 കോടി രൂപ ചെലവഴിച്ചാണ് കണ്ടെയ്‌നർ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ 40ശതമാനമെങ്കിലും ടോള്‍പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam