
കോട്ടയം: കെവിൻ കൊലകേസിൽ കോട്ടയം സെഷൻസ് കോടതിയിൽ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിർദ്ദേശം. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച മുഴുവൻ രേഖകളുടെ പകർപ്പും പ്രതികളുടെ അഭിഭാഷകർക്ക് നൽകാൻ കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്. പ്രണയ വിവാഹത്തിന്‍റെ പേരിൽ ഭാര്യാ സഹോദരന്‍റെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗം തീർപ്പാക്കാൻ കോടതി തീരുമാനിച്ചിരുന്നു.
കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിട്ടത്. കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങുന്നത്.
2018 മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിർദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ വീട്ടുകാർ പിൻവാങ്ങി.
തുടർന്ന് മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തി. അതിന്‍റെ തലേദിവസം നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വെളിവായത്. നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam