
കോഴിക്കോട്: ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന് റൂം നല്‍കാതെ സ്വകാര്യ ലോഡ്ജ് ഉടമയും ജീവനക്കാരും അപമാനിച്ചെന്ന് പരാതി. തിങ്കളാഴ്ച രാവിലെ വടകരയിലാണ് സംഭവം. മൊകേരി ഗവണ്‍മെന്‍റ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് ശീതളിനെ ലോഡ്ജ് ഉടമ അപമാനിച്ചത്. സംഭവത്തില്‍ ശീതളിന്‍റെ പരാതിയില്‍ അല്‍ സഫ ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ശീതളിനായി ഭാരവാഹികള്‍ അല്‍ സഫ ലോഡ്ജില്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാവിലെ ലോഡ്ജിലെത്തിയ ശീതളിന് റൂം നല്‍കാന്‍ ലോഡ്ജ് ജീവനക്കാര്‍ തയ്യാറായില്ല. ഇത്തരക്കാര്‍ക്ക് റൂം നല്‍കരുതെന്ന് പൊലീസ് നിര്‍ദ്ദേശമുണ്ടെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ നിലപാട്.
തന്‍റെ ഐഡിന്‍റിറ്റിയെ അപമാനിച്ച് സംസാരിച്ചതിന് പുറമേ കൂടെ വന്ന യൂണിയന്‍ ഭാരവാഹികളെയും ചേര്‍ത്ത് മോശമായി സംസാരിച്ചെന്നും ശീതള്‍ പറഞ്ഞു. ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്. പൊലീസിനെയും മാധ്യമങ്ങളെയും പേടിയില്ല. ഇറങ്ങിപ്പോകണമെന്നാണ് ഉടമയടക്കമുള്ളവര്‍ പറഞ്ഞത്. പൊലീസിന് ഇക്കാര്യത്തില്‍ മറുപടി നല്‍കാനായില്ലെന്നും ശീതള്‍ ആരോപിച്ചു.
ശീതളിന് നേരിട്ട അധിക്ഷേപത്തില്‍ അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഹോട്ടലിനെതിരെ നിയമനടപടി എടുക്കും. ശീതള്‍ പരാതി നല്‍കിയാല്‍ കടുത്ത നടപടി ഉണ്ടാകും. കോടതി ഉത്തരവിനെയും സര്‍ക്കാര്‍ നിലപാടിനെയും മാനിക്കാതെ ട്രാന്‍സ് ജെന്‍ഡറാണെന്ന പേരില്‍ റൂം നിഷേധിച്ചത് ന്യായീകരിക്കാനാവില്ല. ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam