പാറ്റൂര്‍ ഭൂമിയിടപാട്: ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

By Web DeskFirst Published Apr 13, 2018, 1:31 PM IST
Highlights
  • പാറ്റൂര്‍ ഭൂമിയിടപാട്: ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പാറ്റൂർ ഭൂമി ഇടപാട് കേസില്‍ അധിക ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്ത ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ആർട്ടെക്‌ ബിൽഡേഴ്സ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.

വിവാദമായ ഫ്ലാറ്റ് ഉള്‍പ്പെട്ട 4.36 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്.  തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് ലോകായുക്ത നിർദേശം നൽകിയിരുന്നത്. 
പാറ്റൂരില്‍ ജല അതോറിറ്റിയുടെ മലിനജലക്കുഴല്‍ മാറ്റിയിട്ടതിലൂടെ സ്വകാര്യ ഫ്ലാറ്റ്‌ നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി അന്യായമായി ലഭിച്ചെന്നതാണ് വിവാദമായ കേസ്. 

ജലഅതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ആര്‍ സോമശേഖരന്‍, എസ് മധു, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്‍ടെക് ഉടമ ടിഎസ് അശോക് എന്നിവരാണ് കേസിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. 

ഇതില്‍ ഇകെ ഭരത് ഭൂഷണിന്റെ ഹര്‍ജിയിലാണ് ഫെബ്രുവരി ഒമ്പതിനു  ഹൈക്കോടതി കേസ് റദ്ദാക്കിയതും പ്രതികളെ വെറുതെ വിട്ടതും.

 എന്നാല്‍ പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ടതല്ലാത്ത സ്ഥലം കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലോകായുക്തയ്ക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

click me!